കോട്ടയം ജില്ലയിൽ രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു, നിരവധി വീടുകളിലും റോഡുകളിലും വെള്ളം കയറി.

കോട്ടയം : കോട്ടയം ജില്ലയിൽ രാത്രി മുതൽ മഴ ശക്തമായതോടെ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. കോട്ടയം കുമരകം വൈക്കം റോഡിൽ പലയിടങ്ങളിലും വെള്ളം കയറി. തിരുവാർപ്പ്, കുമരകം, അയ്മനം, ആർപ്പൂക്കര, കുമ്മനം, താഴത്തങ്ങാടി, നട്ടശ്ശേരി ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്.

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഞായറാഴ്ച അർധരാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. മൂന്ന് ജില്ലകളിലും ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേ​ഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നായിരുന്നു നേരത്തെ കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

പത്തനംതിട്ട ജില്ലയിൽ അതീവ ഗുരുതര സാഹചര്യം തുടരുകയാണ്. റാന്നിയും ആറൻമുളയും വീണ്ടും കടുത്ത പ്രളയ ഭീഷണിയിലായി. പമ്പയുടെ കരകളിൽ ഭീതിദമായ സാഹചര്യം തുടരുകയാണ്. മൂഴിയാർ ഡാം ഏതു സമയത്തും തുറക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്. കൊല്ലത്തുനിന്ന് കൂടുതൽ മത്സ്യ ബോട്ടുകൾ പത്തനംതിട്ടയിലേക്ക് തിരിച്ചു. ശബരിമലയിലേക്ക് ഇന്ന് ഭക്തരെ കടത്തി വിടില്ല.

ആലപ്പുഴ അപ്പർ കുട്ടനാട് വെള്ളത്തിൽ മുങ്ങി. കുറ്റൂർ, പെരിങ്ങര , നെടുംമ്പ്രം, നിരണം, കടപ്ര , തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങി. നൂറുകണക്കിന് വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. ഇന്നലെ രാത്രി നിർത്താതെ പെയ്ത കനത്ത മഴയെ തുടർന്ന് മേഖലയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ജനങ്ങൾ മാറി താമസിക്കണമെന്ന മുന്നറിയിപ്പ് അനൗൺസ്‌മെന്റ് കോഴഞ്ചേരി അടക്കം മേഖലകളിൽ നൽകുകയാണ്.

12 ജില്ലകളിൽ തിങ്കളാഴ്ച അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ തിങ്കളാഴ്ച(ഓ​ഗസ്റ്റ് 03) അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.