Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട്, കനത്ത കാറ്റിലും മഴയിലും വ്യാപക നാശം

അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

heavy rain in kerala Red alert in nine districts
Author
Kerala, First Published May 15, 2021, 1:25 PM IST

തിരുവനന്തപുരം:  അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച അലർട്ടിൽ മാറ്റം. സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.

അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവിൽ കണ്ണൂർ തീരത്തുനിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെ ഉള്ള ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ വീണ്ടും ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങും. കേരളത്തിലെ വടക്കൻ ജില്ലകളിൽ വരുന്ന മണിക്കൂറിൽ കാറ്റും മഴയും ഇനിയും ശക്തിപ്പെടുമെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

heavy rain in kerala Red alert in nine districts

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴയും കടൽക്ഷോഭവും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ ഡോ മൃതുഞ്ജയ മഹോപത്ര അറിയിച്ചു. നാളെ വൈകുന്നേരത്തോടെ ചുഴലിക്കാറ്റിന്റെ തീരത്തെ പ്രഭാവം കുറയുമെന്നും എന്നാലും കനത്ത മഴയുണ്ടാകുമെന്നും ഡോ മൃതുഞ്ജയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

തീരദേശ മേഖലയിലാകെ കനത്ത കാറ്റും മഴയും കടഷക്ഷോഭവും ദുരിതം വിതയ്ക്കുകയാണ്. ചാവക്കാടും കൊടുങ്ങല്ലൂരും തീരദേശ മേഖലയിൽ സ്ഥിതി ഗുരുതരമാണ്. നിരവധി പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റി.ചെല്ലാനത്തും കടൽക്ഷോഭം രൂക്ഷമായിവീടുകളിലേക്ക് വീണ്ടു വെള്ളം കയറി തുടങ്ങി. ദുരന്ത നിവാരണ സേനയും  പൊലീസും കമ്പനിപ്പടി, ബസാർ മേഖലകളിൽ ക്യാമ്പ് ചെയ്യുകയാണ്  കൊവിഡ് വ്യാപനം അതിരൂക്ഷമായ പ്രദേശങ്ങളായത് കൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനത്തിനും വലിയ വെല്ലുവിളി നേരിടുന്നുണ്ട്.  തിരുവനന്തപുരം വലിയതുറ കടൽ പാലത്തിൽ വിള്ളൽ കണ്ടതിനെ തുടര്‍ന്ന് അടച്ച് പൂട്ടി. എറണാകുളം പളളുരുത്തിയില്‍ 24 മണിക്കൂറിനിടെ 208 മില്ലിമീറ്റർ അതിതീവ്ര മഴയാണ് പെയ്തത്. 

മണിമല, അച്ചൻകോവിലാർ നദികളിൽ പ്രളയസാധ്യത, കേന്ദ്ര ജലകമ്മീഷന്റെ ജാഗ്രത നിർദേശം
തൃശൂര്‍ താണിശ്ശേരി പാലത്തിന് സമീപം വലിയ മരം കടപുഴകി വീണു. കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയിൽ ആണ് അപകടം നടന്നത്. പടുകൂറ്റൻ തണൽമരം  വേരുകൾ കടപുഴകി നിലംപൊത്തുകയായിരുന്നു. സമീപത്തുള്ള യൂണിയൻ ഓഫീസും തട്ടുകടയ്ക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. 11 കെവി ലൈനിന് മുകളിലൂടെയാണ് മരം വീണത്. പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്. പുഴകളില്‍ നീരൊഴുക്ക് കൂടി. പാലക്കാട് വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ തുറക്കുമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വയനാട്ടിലെ മാനന്തവാടി, ബത്തേരി, പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കുകളില്‍ കനത്ത കാറ്റില്‍ കൃഷി നാശമുണ്ടായി

കോട്ടയത്തും കനത്ത മഴ വലിയ നാശനഷ്ടം ഉണ്ടാക്കി. പാലാ കരൂര്‍ മേഖലയില്‍ കൊടുംകാറ്റിൽ വ്യാപകനാശം സംഭവിച്ചു.നിരവധി വന്‍മരങ്ങള്‍ നിലംപൊത്തി. റബ്ബര്‍ മരങ്ങളും മറ്റും കടപുഴകി. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും തകര്‍ന്നു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. നിരവധി വീടുകള്‍ക്കു കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്.

പത്തനംതിട്ട മണിയാർ അണക്കെട്ടിന്‍റെ ഷട്ടർ ഉയർത്തി.4 ഷട്ടറുകൾ 20 സെന്റിമീറ്റർ വീതമാണ്‌ ഉയർത്തിയത്.ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാനാണ് പരമാവധി സംഭരണശേഷി യിലെത്തുന്നതിനു മുമ്പ് ഷട്ടറുകൾ തുറന്നത്.പമ്പയുടേയും കക്കാട്ടാറിൻറെയും തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയരുന്നു. അച്ചൻകോവിലിലും മണിമലയിലും ജാഗ്രത പാലിക്കേണ്ടതിനേക്കാൾ ഉയർന്ന ജലനിരപ്പ്. നദികളുടെ തീരത്ത് താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകി. 

കൊല്ലത്ത് മഴ കുറഞ്ഞെങ്കിലും കടൽ പൂർണമായും ശാന്തമായിട്ടില്ല.  ഇന്നലെ ശക്തമായ കടൽ കയറിയ ആലപ്പാട് പഞ്ചായത്തിലുക്കം കരുനാഗപ്പള്ളി താലൂക്കിൽ 14 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. എൻ ഡിആർ എഫ് സംഘത്തെയും ആലപ്പാട് വിന്യസിച്ചു.ഓറഞ്ച് അലർട്ട് ജില്ലയിൽ തുടരുകയാണ്. 

കാലവർഷക്കെടുതിയുടെ ഭാഗമായി  വ്യാപകമായി വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ടെന്ന്  കെഎസ്ഇബി അറിയിച്ചു. വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്.  പൊതുജനങ്ങൾ ജാഗ്രത പുലർത്തണം. വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽ പെട്ടാൽ കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ, പ്രത്യേക എമർജൻസി നമ്പറായ 9496010101 ലോ അറിയിക്കേണ്ടതാണെന്നും കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു

മഴ ശക്തം, ഇടുക്കിയിൽ കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു, കൺട്രോൾ റൂം വിവരങ്ങൾ ഇങ്ങനെ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios