സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; പ്രത്യേക മുന്നറിയിപ്പില്ല
അടുത്ത മണിക്കൂറുകളിൽ അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറും. പിന്നീട് ഇത് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും. മധ്യ ബംഗാൾ ഉൾക്കടലിലും വെള്ളിയാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എങ്കിലും മലയോര മേഖലകളിലടക്കം ജാഗ്രത തുടരണം. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. അടുത്ത മണിക്കൂറുകളിൽ അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറും. പിന്നീട് ഇത് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും. മധ്യ ബംഗാൾ ഉൾക്കടലിലും വെള്ളിയാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ പ്രതീക്ഷിക്കാം.
തിരുവനന്തപുരത്ത് നഗര - ഗ്രാമീണ മലയോര മേഖലകളിൽ ഇന്നലെ രാത്രി കനത്ത മഴ പെയ്തിരുന്നു. നഗരത്തിൽ ഒരു മണിക്കൂറിലേറെ തുടര്‍ച്ചയായി മഴ പെയ്തു. അഗസ്ത്യ വന മേഖലയിൽ ഉച്ചയ്ക്ക് തുടങ്ങിയ മഴ വൈകിയിട്ടും കുറഞ്ഞിരുന്നില്ല. ജില്ലയിൽ കാര്യമായ കൃഷി നാശമുണ്ടായ നെയ്യാറ്റിൻകരയിലും മഴ ശക്തമായി പെയ്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഭേദപ്പെട്ട മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്. കേന്ദ്ര കാലാവസ്ഥാവകുപ്പ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.
https://www.youtube.com/watch?v=Ko18SgceYX8