മലപ്പുറം: തുടര്‍ച്ചയായി മൂന്നാം ദിവസവും ശക്തമായ മഴ പെയ്തതോടെ മലപ്പുറത്തിന്‍റെ മലയോരമേഖലകള്‍ പൂര്‍ണമായും ഒറ്റപ്പെട്ട നിലയില്‍. ഇപ്പോഴും ഇടവിട്ടുള്ള മഴയും ശക്തമായ കാറ്റും ജില്ലയില്‍ അനുഭവപ്പെടുന്നുണ്ട്. ചുറ്റുപാടും വെള്ളം കയറുകയും റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങുകയും ചെയ്തതോടെ നിലമ്പൂര്‍ പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. 

കോഴിക്കോട്- ഗൂഢലൂല്‍ പാതയില്‍ 15 മണിക്കൂറായി ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഈ വഴിയിലൂടെ ഇപ്പോള്‍ വാഹനങ്ങള്‍ കടത്തി വിടുന്നില്ല. നിലമ്പൂര്‍ ജനതാപടി ജംഗ്ഷനില്‍ ഒരാള്‍പൊക്കത്തില്‍ വെള്ളം കയറി. മേഖലയിലെ ആയിരക്കണക്കിന് വീടുകളും കടകളും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിലുണ്ടായതിലും രൂക്ഷമായ വെള്ളപ്പൊക്കമാണ് ഇക്കുറിയുണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു

നാടുകാണി ചുരത്തില്‍ മണ്ണിടഞ്ഞതോടെ രണ്ട് അന്തര്‍സംസ്ഥാന പാതകളും രണ്ട് ചെക്ക് പോസ്റ്റുകളും അടച്ചിട്ടിരുകയാണ്. നാടുകാണിച്ചുരത്തിൽ ശക്തമായ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വഴിക്കടവ് എസ്ഐയും അടക്കമുള്ള പൊലീസുകാര്‍ സഞ്ചരിച്ച ജീപ്പും കൂടാതെ  പത്തിലധികം കുടുംബങ്ങളും നാടുകാണി ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. 

നിലമ്പൂര്‍ ഭാഗത്തേക്ക് യാതൊരു കാരണവശാലും ആളുകള്‍ വരരുതെന്നും പ്രദേശവാസികള്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. രാവിലെ നിലമ്പൂരിലെത്തിയ കളക്ടര്‍ ദുരന്തനിവാരണസമിതിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. 

നിലമ്പൂരില്‍ അ‍ഞ്ച് ദുരിതാശ്വാസ ക്യാംപുകള്‍ ഇതിനോടകം തുറന്നിട്ടുണ്ട്. കൂടുതല്‍ ദുരിതാശ്വാസക്യാംപുകള്‍ തുറക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദേശീയദുരന്തനിവാരണസേനയുടെ ഒരു യൂണിറ്റും നിലമ്പൂരില്‍ ക്യാംപ് ചെയ്യുന്നത്. കരുളായി വനമേഖലയില്‍ അടക്കം താമസിക്കുന്നവരെ നേരത്തെ മാറ്റിപാര്‍പ്പിച്ചതിനാല്‍ കൂടുതല്‍ അത്യാഹിതം ഒഴിവായി.

പെരിന്തൽമണ്ണ മണ്ണാർമലയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ്  രണ്ട് പേർക്ക് പരിക്ക്. തിരൂർ ആലത്തൂരിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്കു മുകളിൽ തെങ്ങ് കടപുഴകി വീണു ഒരു ഓട്ടോറിക്ഷ തകർന്നു. മലപ്പുറം മൂത്തേടം പഞ്ചായത്തിലെ നെല്ലിക്കുത്ത് ഭാഗത്ത് 14 കുടുംബങ്ങൾ ചുറ്റും വെള്ളം കയറി ഒറ്റപ്പെട്ട്  കിടക്കുകയാണ്.