വയനാട്: വടക്കൻ ജില്ലകളില്‍ മഴ കനത്തു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് മഴ കനത്തത്. ജില്ലകളിലെ വിവിധയിടങ്ങളിൽ നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. മലയോര മേഖലകളില്‍ കനത്ത മഴ കനത്തതിനെ തുടര്‍ന്ന് പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു.

വയനാട് അമ്പലവയല്‍ കരിങ്കുറ്റിയി മണ്‍ഭിത്തിയിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. കുപ്പാടി സ്വദേശി കരീമാണ് മരിച്ചത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിലും ഉരുള്‍പൊട്ടലിലും വന്‍ നാശനഷ്ടം രേഖപ്പെടുത്തിയ കുറിച്യര്‍മല ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. കഴിഞ്ഞ രാത്രിയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടർന്ന് കുറിച്യര്‍മലയില്‍ നിന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മാനന്തവാടി താലൂക്കിലെ വാളാട് നിരവില്‍പ്പുഴയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മഴ കനത്തതിനെ തുടർന്ന് കാരാപ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു.

കോഴിക്കോട് പുതുപ്പാടിയിൽ കഴിഞ്ഞ ദിവസം പുഴയില്‍ വീണ് കാണാതായ ചേളാരി സ്വദേശി പ്രജീഷിന്‍റെ മൃതദേഹം കണ്ടെത്തി. കനത്ത മഴയില്‍ കക്കോടിയില്‍ വീട് തകര്‍ന്നു. ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ, ചാലിയാര്‍ എന്നിവയില്‍ ഉള്‍പ്പെടെ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. 

കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും മഴ തുടരുകയാണ്. കണ്ണൂരില്‍ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ ദുരന്തനിവാരണ സേന ഉള്‍പ്പെടെ ജാഗ്രതയിലാണ് കാസര്‍കോഡ് ബോളിയൂരില്‍ ഇടിമിന്നലേറ്റ് ഭാ​ഗികമായി വീട് തകര്‍ന്നു. ബടുവൻ കുഞ്ഞിക്കയുടെ വീടാണ് ഭാഗികമായ തകര്‍ന്നത്. ഇടിമിന്നലേറ്റ് വീട്ടിലെ പശുവും കിടാവും ചത്തു. ശക്തമായ മഴയെ തുടർന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.