Asianet News MalayalamAsianet News Malayalam

മലയോര മേഖലയിൽ കനത്ത മഴ; നദികളിൽ ജലനിരപ്പ് ഉയരുന്നു, പത്തനംതിട്ടയിൽ ജാഗ്രത

റാന്നിയിലും ജലനിരപ്പ് ഉയരുകയാണ്. 2018 ൽ പ്രളയമുണ്ടായ മേഖലയിലെ ആളുകൾ മുൻകരുതലിന്‍റെ ഭാഗമായി മറ്റിടങ്ങളിലേക്ക് മാറി തുടങ്ങി.
 

heavy rain in pathanamthitta
Author
Pathanamthitta, First Published Aug 7, 2020, 1:21 PM IST

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. കക്കാട്ടാറിലെ ജലനിരപ്പ് ഉയർന്നതോടെ സീതത്തോടിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ജില്ലയിലെ മലയോര മേഖലയായ സീതത്തോട് ആങ്ങമുഴി ചിറ്റാർ മണിയാർ പെരുനാട് പ്രദേശങ്ങളിലാണ് മഴ തോരാതെ പെയ്യുന്നത്. ഏറെ നാശനഷ്ടങ്ങളുണ്ടായതും സീതത്തോട് കേന്ദ്രീകരിച്ചാണ്. വീടുകളിലും കടകളിലുമെല്ലാം വെള്ളം കയറിയിട്ടുണ്ട്. വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്. 

 മണിയാർ അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും മൂഴിയാറിലെ ഒരു അണക്കെട്ടും തുറന്നു. ശബരിമല ഉൾ വനത്തിൽ ഉരുൾപൊട്ടിയെന്നാണ് സൂചന. വൻമരങ്ങൾ കക്കാട്ടാറിലൂടെ ഒഴുകിയെത്തുന്നുണ്ട്. അള്ളുങ്കൽ ഭാഗത്ത് വെള്ളം ഉയരുന്ന സാഹചര്യത്തിൽ മണിയാർ അണക്കെട്ടിലെ ഷട്ടറുകൾ ഇനിയും നാല് മീറ്ററെങ്കിലും ഉയത്തേണ്ടി വരും. അങ്ങനെയെങ്കിൽ പമ്പാ നദിയിൽ മൂന്ന് മീറ്റർ വരെ വെള്ളം ഉയരാൻ സാധ്യതയുണ്ടെന്നാണ്  മുന്നറിയിപ്പ്. 34.62 ആണ് അണക്കെട്ടിന്റെ സംഭരണ ശേഷി. 99 ശതമാനവും വെള്ളം നിറഞ്ഞു. 

മൂഴിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഇന്നലെ തുറന്നെങ്കിലും വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ രണ്ട് ഷട്ടറുകൾ അടച്ചു. റാന്നിയിലും ജലനിരപ്പ് ഉയരുകയാണ്. 2018 ൽ പ്രളയമുണ്ടായ മേഖലയിലെ ആളുകൾ മുൻകരുതലിന്‍റെ ഭാഗമായി മറ്റിടങ്ങളിലേക്ക് മാറി തുടങ്ങി. മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കോന്നി പഞ്ചായത്തിലെ പൊന്തനാകുഴി കോളനിയിലെ 32 കുടുംബങ്ങളിലെ ക്യാന്പിലേക്ക് മാറ്റി. തിരുവല്ലയിലെ പെരിങ്ങര, ചാത്തങ്കരി ഭാഗങ്ങളിലും മഴ തോർന്നിട്ടില്ല. പമ്പയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ആറന്മുളയിലും, കോഴഞ്ചേരിയിലും എല്ലാം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര രക്ഷാ പ്രവർത്തനത്തിനായി ആറ് താലൂക്കുകളിലും എമർ‍ജെൻസി  റെസ്പോൺസ് ടീമിനെ നിയോഗിച്ചു. താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകളും തുറന്നു.

Follow Us:
Download App:
  • android
  • ios