Asianet News MalayalamAsianet News Malayalam

'മഹ' അതിതീവ്രമാകുന്നു; ലക്ഷദ്വീപിലേക്ക് അടുക്കുന്നു, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോഴിക്കോട് നിന്ന് 325 കിലോ മീറ്റർ ദൂരെയും ലക്ഷദ്വീപിലെ അമിൻദിവി ദ്വീപിൽ നിന്ന് 40 കിലോ മീറ്റർ അകലെയുമാണ് നിലവിൽ മഹാചുഴലിക്കാറ്റ്. സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 

heavy rain kerala maha cyclone orange alert in five districts
Author
Thiruvananthapuram, First Published Oct 31, 2019, 1:33 PM IST

തിരുവനന്തപുരം: അറബിക്കടലിലെ 'മഹാ' ചുഴലിക്കാറ്റ് അതിത്രീവമാകുന്നു. ലക്ഷദ്വീപിൽ അതീവ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.  കേരളത്തിലും ശക്തമായ മഴയും കാറ്റും തുടരും. സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 

കോഴിക്കോട് നിന്ന് 325 കിലോ മീറ്റർ ദൂരെയും ലക്ഷദ്വീപിലെ അമിൻദിവി ദ്വീപിൽ നിന്ന് 40 കിലോ മീറ്റർ അകലെയുമാണ് നിലവിൽ മഹാചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ലക്ഷദ്വീപിലേക്ക് എത്തുന്ന ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്രമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. ലക്ഷദ്വീപിൽ ഇന്ന് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വരെ ചുഴലിക്കാറ്റ് ആഞ്ഞടിക്കും. മഹാ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും, സംസ്ഥാനത്ത് 60 കീലോ മീറ്റർ വേഗതയിൽ വരെ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.  

എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം,  പത്തനംതിട്ട, കോട്ടയവും ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.  മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. തീരപ്രദേശങ്ങളിലും മലയോരമേഖലകളിലുമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ക്യാർ ചുഴലിക്കാറ്റിന് പിന്നാലെയാണ് അറബിക്കടലിൽ മഹാ ചുഴലിക്കാറ്റും രൂപപ്പെട്ടത്. അറബിക്കടലിൽ ഒരേ സമയം രണ്ട് ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. 

കാലാവസ്ഥ മോശമായതിനാൽ കോഴിക്കോട് ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവ്വീസുകൾ നിർത്തിവച്ചു. നാലാം തീയതി വരെ ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പലുകളും ചരക്കുകപ്പലുകളും സർവ്വീസ് നടത്തില്ല. കവരത്തിയിലും മിത്ര ദ്വീപിലും ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കടലാക്രമണത്തിൽ പൊന്നാനിയിൽ ഇരുപത് വീടുകളിൽ വെള്ളം കയറി. ഈ കുടുംബങ്ങളെ തൊട്ടടുത്ത എം ഐ സ്കൂളിലേക്ക് മാറ്റി. പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, അലിയാർ പള്ളി എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. കടലാക്രമണം രൂക്ഷമായതിനെത്തുടർന്ന്, കണ്ണൂർ തയ്യിലിൽ തീരപ്രദേശത്തുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ നടപടി തുടങ്ങി. 

എറണാകുളത്ത് തീരപ്രദേശത്ത് കടൽക്ഷോഭം ശക്തം 

എറണാകുളത്ത് അതിശക്തമായ മഴ തുടരുകയാണ്. ജില്ലയുടെ തീരപ്രദേശങ്ങളിൽ പലയിടത്തും കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. നായരമ്പലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. എറണാകുളം താന്തോന്നി തുരുത്തിൽ വെള്ളം കയറിയതിനെ തുടർന്ന് 62 കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റി.

നായരമ്പലം, ചെല്ലാനം പ്രദേശങ്ങളിൽ നിന്നായി 600 ലേറെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. എടവനക്കാട് നാല് കുടുംബങ്ങൾ ക്യാമ്പിൽ ആണ്. ഫോർട്ട്കൊച്ചിയിൽ 15ലേറെ മീൻപിടുത്ത വള്ളങ്ങൾ തകർന്നു. ലക്ഷദ്വീപിൽ കാറ്റും മഴയും ശക്തമായതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

തലസ്ഥാനത്തും മഴ തുടരുകയാണ്

തിരുവനന്തപുരത്തും ശക്തമായ മഴ തുടരുകയാണ്. രാത്രി തുടങ്ങിയ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അടിമലത്തുറ, കരിങ്കുളം ഭാഗങ്ങളിൽ കടലാക്രമണം ഉണ്ടായി. ജില്ലയിൽ അടിയന്തര സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പൊന്മുടി, ശംഖുമുഖം തുടങ്ങിയ  വിനോദസഞ്ചാര മേഖലകളിൽ സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ ഒന്നരയടി ഉയർത്തി. രാവിലെ 9 മണിയോടെ അരയടി കൂടി ഉയർത്തി. നെയ്യാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

തൃശ്ശൂരിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞു

മഹ ചുഴലിക്കാറ്റ് ശക്തിയാർജ്ജിച്ചതിന് പിന്നാലെ തൃശ്ശൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലിൽ മറിഞ്ഞ് ഒരാളെ കാണാതായി. തൃശ്ശൂർ ജില്ലയിലെ മുനയ്ക്കൽ തീരത്ത് നിന്ന് പോയ സാമുവൽ എന്ന ബോട്ടാണ് കടലിൽ മറിഞ്ഞത്.

Also Read: മഹ ചുഴലിക്കാറ്റ്: തൃശ്ശൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലിൽ മറിഞ്ഞു; ഒരാളെ കാണാതായി

Follow Us:
Download App:
  • android
  • ios