Asianet News MalayalamAsianet News Malayalam

വരുന്നു പെരുമഴക്കാലം; തീവ്രമഴ മുന്നറിയിപ്പ്; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിവയാണ്...

സംസ്ഥാനത്ത് പല ജില്ലകളിലും ഇന്ന് രാവിലെ മുതൽ കനത്ത മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.

heavy rain kerala orange yellow alerts mnay disdtricts sts
Author
First Published Sep 29, 2023, 1:25 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്രമായ മഴ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് പല ജില്ലകളിലും ഇന്ന് രാവിലെ മുതൽ കനത്ത മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കനത്ത മഴയിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നതാണ് ആശ്വാസകരമായ കാര്യം. 

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂന മർദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മധ്യ കിഴക്കൻ അറബിക്കടലിൽ  കൊങ്കൺ - ഗോവ  തീരത്തിന് സമീപത്തായാണ് ന്യൂന മർദ്ദം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കും. തുടർന്ന് പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയിലേക്കാവും കാറ്റ് സഞ്ചരിക്കുക. 

വടക്ക് - കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ - കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് വടക്ക് - പടിഞ്ഞാറ് ദിശയിൽ കാറ്റ് സഞ്ചരിക്കും. പിന്നീട് വീണ്ടും ശക്തിപ്രാപിച്ച് ഒഡിഷ - പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നൽ എന്നിവ തുടരാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 29  മുതൽ ഒക്ടോബർ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

Follow Us:
Download App:
  • android
  • ios