കൊച്ചി: ദുരിതത്തിലാഴ്ത്തിയ മഹാപ്രളയത്തിൽനിന്ന് കരകയറിവരുന്ന കേരളത്തിന്റെ വിനോദസഞ്ചാര മേഖല വീണ്ടും പ്രതിസന്ധിയിൽ. കനത്ത മഴയും വെളളപ്പൊക്കവും കാരണം നിരവധി വിനോദ സഞ്ചാരികളാണ് കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷം സംസ്ഥാനത്തെ വിഴുങ്ങിയ നിപയും പ്രളയവും വിനോദസഞ്ചാര മേഖലക്ക് കനത്ത തിരിച്ചടിയായിരുന്നു. ഏറെ പണിപ്പെട്ടാണ് വിനോദസഞ്ചാര മേഖല കരകയറാൻ തുടങ്ങിയത്. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ സഞ്ചാരികളുടെ എണ്ണത്തിൽ 15 ശതമാനം വർധനവുണ്ടായിരുന്നു. ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിലാണ്.

എന്നാൽ, കലിത്തുള്ളിയെത്തിയ കാലവർഷം വിനോദസഞ്ചാര മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നെഹ്റു ട്രോഫി വള്ളം കളി പ്രമാണിച്ച് ഫോർട്ട് കൊച്ചിയിലെ വിവിധ റിസോർട്ടുകളിൽ നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് റൂം ബുക്ക് ചെയ്തിരുന്നത്. എന്നാൽ, വള്ളംകളി മാറ്റി വച്ചതോടെ ഇവരിൽ ഭൂരിഭാഗവും കേരളത്തിലേക്കുള്ള യാത്ര തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്.

നെടുമ്പാശ്ശേരി വിമാനത്താവളം ദിവസങ്ങളോളം അടച്ചിട്ടതും ട്രെയിൻ സർവ്വീസ് റദ്ദാക്കിയതും കേരളത്തിലെത്തിയ ആഭ്യന്തര, വിദേശ സഞ്ചാരികളെ കാര്യമായി വലച്ചു. മൂന്നാർ അടക്കമുളള മലയോര കേന്ദ്രങ്ങളിലേക്കുള്ള യാത്രാ വിലക്കും സഞ്ചാരികളെ നിരാശരാക്കി. എന്നാൽ, മഹാപ്രളയ കാലത്തെയത്രയും നഷ്ടം ഇത്തവണ ഉണ്ടാകാനിടയില്ലെന്നാണ് കണക്കുകൂട്ടൽ. തുടരെയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ സഞ്ചാരികളെ കേരളത്തിൽ നിന്ന് അകറ്റുമോ എന്ന ആശങ്കയിലാണ് ഈ മേഖഖലയിലുള്ളവർ.