Asianet News MalayalamAsianet News Malayalam

മഴക്കെടുതി; സുരക്ഷ ഉറപ്പുവരുത്താൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

ഓരോ ജില്ലയിലേയും ക്യാമ്പുകള്‍, അവരുടെ ആരോഗ്യ പരിരക്ഷ, ആവശ്യമായ ഡോക്ടര്‍മാരെ ലഭ്യമാക്കല്‍, മരുന്നുകള്‍, മറ്റ് സാധനസാമഗ്രികള്‍, ബ്ലീച്ചിംഗ് പൗഡര്‍, ക്ലോറിന്‍ ടാബ്ലറ്റ് തുടങ്ങിയവ ഉറപ്പ് വരുത്താന്‍ അ​ധികൃതർക്ക് ആരോ​ഗ്യമന്ത്രി നിര്‍ദേശം നല്‍കി. 

heavy rain meeting chaired by Health Minister to ensure safety
Author
Trivandrum, First Published Aug 9, 2019, 3:13 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും രൂ​ക്ഷമായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ഉന്നതതല യോഗം ചേർന്നു. ഓരോ ജില്ലയിലേയും നിലവിലെ സ്ഥിതി വിലയിരുത്തുകയും സ്വീകരിക്കേണ്ട നടപടികള്‍ക്ക് യോ​​ഗത്തിൽ അന്തിമരൂപം നല്‍കി.

ദുരന്തത്തില്‍പ്പെടുന്നവര്‍ക്കുള്ള വൈദ്യസഹായം ദുരന്തസ്ഥലങ്ങളിലും ആശുപത്രികളിലും ലഭ്യമാക്കാന്‍ കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തും. ഓരോ ജില്ലയിലേയും ക്യാമ്പുകള്‍, അവരുടെ ആരോഗ്യ പരിരക്ഷ, ആവശ്യമായ ഡോക്ടര്‍മാരെ ലഭ്യമാക്കല്‍, മരുന്നുകള്‍, മറ്റ് സാധനസാമഗ്രികള്‍, ബ്ലീച്ചിംഗ് പൗഡര്‍, ക്ലോറിന്‍ ടാബ്ലറ്റ് തുടങ്ങിയവ ഉറപ്പ് വരുത്താന്‍ അ​ധികൃതർക്ക് ആരോ​ഗ്യമന്ത്രി നിര്‍ദേശം നല്‍കി. 

അതിര്‍ത്തി ജില്ലകളിലെ പ്രദേശങ്ങളിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമെങ്കില്‍ അതിര്‍ത്തി സംസ്ഥാനങ്ങളുടെ സഹായം ഉറപ്പ് വരുത്തും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം (0471 2302160) ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. ജില്ലകള്‍തോറും കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ ആരോഗ്യ വകുപ്പിന്റെ സംഘത്തെ എല്ലായിടത്തും സജ്ജമാക്കിവരുന്നതായും മന്ത്രി വ്യക്തമാക്കി. 

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആയുഷ് വകുപ്പ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, ആയുര്‍വേദ, ഹോമിയോ ഡയറക്ടര്‍മാര്‍, കെഎംഎസ്‍സി എല്‍ എം ഡി തുടങ്ങിയ നാൽപ്പതോളം ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios