Asianet News MalayalamAsianet News Malayalam

മഴയുടെ ശക്തി കുറയുന്നു; നാളെ എവിടെയും 'റെഡ്' അലർട്ടില്ല; ആറ് ജില്ലകളില്‍ 'ഓറഞ്ച്' അലർട്ട്

ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച  'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

heavy rain orange alert in six districts tomorrow
Author
Thiruvananthapuram, First Published Aug 11, 2019, 8:59 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ മഴയുടെ ശക്തി കുറയുന്നു. സംസ്ഥാനത്ത് നാളെ എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതുകൊണ്ടു തന്നെ ജില്ലകളിലൊന്നും നാളെ  'റെഡ്' അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ആറ് ജില്ലകളിൽ 'ഓറഞ്ച്' അലർട്ട് ആയിരിക്കും. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച  'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

ആഗസ്റ്റ് 13 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ആഗസ്റ്റ് 14 ന് എറണാകുളം ,ഇടുക്കി, പാലക്കാട് ,മലപ്പുറം എന്നീ ജില്ലകളിലും, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘ഓറഞ്ച്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

കേരള തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൂന്നര മുതൽ 3.8 കിലോമീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രവും അറിയിച്ചിട്ടുണ്ട്. 

അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 76 ആയി. ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിൽ നിന്ന് ഇന്ന് നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മാത്രം മരിച്ചവരുടെ എണ്ണം 13 ആയി. പുത്തുമല ഉരുള്‍പൊട്ടലില്‍പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ പുത്തുമല ദുരന്തത്തില്‍ മരണസംഖ്യ 10 ആയി. 

Also Read: മഴക്കെടുതി: മരണ സംഖ്യ 76 ആയി 

Follow Us:
Download App:
  • android
  • ios