തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധയിടങ്ങലിൽ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ടുകളിൽ മാറ്റമുണ്ട്. പുതിയ നിര്‍ദ്ദേശങ്ങളനുസരിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട്.  

ഇടുക്കി രാജമല ദുരന്തത്തിൽ മരണം പതിനൊന്നായി ഉയര്‍ന്നു. 12 പേരെ രക്ഷപ്പെടുത്തി. 78 പേരാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം. രക്ഷപ്പെട്ടവരെ ടാറ്റാ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇതിൽ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും. മൂന്നാറിൽ നിന്ന് 20 കിലോമീറ്റർ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. 83 പേർ താമസിച്ചിരുന്ന ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നുവെന്നും, രണ്ട് ലയങ്ങൾ പൂർണമായി തകർന്നുവെന്നുമാണ് വിവരം. 

പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. കക്കാട്ടാറിലെ ജലനിരപ്പ് ഉയർന്നതോടെ സീതത്തോടിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ജില്ലയിലെ മലയോര മേഖലയായ സീതത്തോട് ആങ്ങമുഴി ചിറ്റാർ മണിയാർ പെരുനാട് പ്രദേശങ്ങളിലാണ് മഴ തോരാതെ പെയ്യുന്നത്. ഏറെ നാശനഷ്ടങ്ങളുണ്ടായതും സീതത്തോട് കേന്ദ്രീകരിച്ചാണ്. വീടുകളിലും കടകളിലുമെല്ലാം വെള്ളം കയറിയിട്ടുണ്ട്. വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്.