തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടു. വടക്കൻ കേരളത്തിൽ ശക്തമായ മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കോഴിക്കോട് അമ്പായത്തോട് 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെ തുടർന്ന് കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണം ഇന്ന് 'റെഡ്' അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

മഴ ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടര്‍മാര്‍ ഇന്ന് (വ്യാഴാഴ്ച) അവധി നല്‍കിയിട്ടുണ്ട്.

Also Read: കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കോഴിക്കോട് ജില്ലയില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശനഷ്ടം ഉണ്ടായി. നിരവധി വീടുകള്‍ മരം വീണ് തകര്‍ന്നു. വാഹനങ്ങള്‍ക്കും കേടുപറ്റി. ജില്ലയില്‍ ഇന്ന് അതി തീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയില്‍ ജില്ലയിലെ ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ എന്നിവ കരകവിഞ്ഞ് ഒഴുകുകയാണ്. ചാലിപ്പുഴ കരകവിഞ്ഞതോടെ ചെമ്പുകടവ്, പറപ്പറ്റ പാലങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി വീടുകളിലും വെള്ളം കയറി. കൊടിയത്തൂര്‍, മുക്കം, കാരശേരി, മാവൂര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

കണ്ണൂര്‍ ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. രണ്ടിടത്ത് ഇന്നലെ ഉരുള്‍പൊട്ടി. കണ്ണൂര്‍ ജില്ലയിലെ അടക്കാതോട്, ബ്രഹ്മഗിരി എന്നിവിടങ്ങളിലാണ് ഇന്നലെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അപകടത്തില്‍ ആളപായമില്ല. കനത്ത മഴയെ തുടര്‍ന്ന് പുഴകളില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാണ്. ഇരിട്ടി പുഴയും കരകവിഞ്ഞൊഴുകുകയാണ്. മണിക്കടവില്‍ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. മണിക്കടവ്, പീടികക്കുന്ന് പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ശ്രീകണ്ഠാപുരത്തും നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. 

കനത്ത മഴയെ തുടര്‍ന്ന് വയനാട്ടിലും വ്യാപകനാശനഷ്ടം ഉണ്ടായി. വയനാട് മേപ്പാടി പുത്തുമലയിൽ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ പൂർണമായി തകർന്നു. ആളുകളെ മാറ്റി താമസിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കൽപറ്റ പുത്തൂർ വയലിൽ വീടിന് മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകർന്നു. മംഗളം ചാനൽ റിപ്പോർട്ടർ ജിംഷിന്റെ വീടാണ് തകർന്നത്. അവിടേക്ക് രക്ഷാ പ്രവർത്തനത്തിനായി പോയ മറ്റ് രണ്ട് മാധ്യമ പ്രവർത്തകർ സഞ്ചരിച്ച കാർ ഒഴുക്കിൽപ്പെട്ടു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി കാർ കരയ്ക്കെത്തിച്ചു. പലയിടങ്ങളിലും പുതുതായി ക്യാമ്പുകൾ തുറന്ന് ആളുകളെ മാറ്റി പാർപ്പിച്ചു.

എറണാകുളം-ആലപ്പുഴ റൂട്ടില്‍ തുറവൂരിനും മാരാരിക്കുളത്തിനും ഇടയില്‍ മരം വീണ് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ജനശതാബ്ദി, കൊച്ചുവേളി-ബംഗലൂരു എക്സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിട്ടു. പാലക്കാട്ടെ അട്ടപ്പാടി, ഷോളയൂർ, അഗളി, നെല്ലിയാംമ്പതി എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ്. ഇടുക്കിയിലും ശക്തമായ മഴയുണ്ട്. മൂന്നാറിലും കാലവർഷം ശക്തമാണ്. മഴ കനത്തതോടെ കന്നിമലയാറ്റിലും മാട്ടുപ്പെട്ടിയാറ്റിലും നീരൊഴുക്ക് ശക്തമായി. പെരിയവരയിൽ നിർമിച്ച താത്കാലിക പാലം വെള്ളപ്പൊക്ക ഭീഷണിയിലാണ്.

തിരുവനന്തപുരത്ത് കനത്തകാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി, ചിറയിൻകീഴിന് സമീപം മാവേലി എക്സ്പ്രസിന് മുകളിൽ മരം വീണ് മണിക്കൂറുകളോളം തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍ ട്രയിനിന്‍റെ ജനൽ ചില്ലുകൾ പൊട്ടുകയും ലോകോപൈലറ്റിന് പരിക്കേല്‍ക്കുകയും ചെയ്തു.