ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് ചങ്ങനാശ്ശേരി റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി. ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. റോ‍ഡിൽ വെള്ളം നിറഞ്ഞതോടെ ആലപ്പുഴ-ചങ്ങ‌നാശ്ശേരി പാതയിലൂടെയുള്ള സർവീസുകൾ കെഎസ്ആർടിസി പൂർണ്ണമായും നിർത്തി. ജില്ലയിൽ കനത്ത മഴയ്ക്ക് ശമനമുണ്ടെങ്കിലും വെള്ളക്കെട്ട് രൂക്ഷമാണ്. 

ചങ്ങനാശ്ശേരി എംസി റോഡിലൂടെ വാഹനങ്ങൾ പോകുന്നത് കുട്ടനാട് തഹസീൽദാർ വിലക്കിയിരുന്നു. വാഹനങ്ങൾ പോകുമ്പോൾ വലിയ ഓളമുണ്ടാകുകയും കെട്ടുറപ്പ് കുറഞ്ഞ് വീടുകൾക്ക് കോടുപാടുകൾ സംഭവിക്കുകയും ചെയ്യുമെന്നതിനാലാണ് ​തഹസീൽദാരുടെ നടപടി. റോഡിൽ വള്ളമിറക്കിയാണ് ആളുകൾ ക്യാമ്പുകളിലടക്കം പോകുന്നത്.

കഴിഞ്ഞ പ്രളയത്തിൽ വൻനാശനഷ്ടങ്ങളുണ്ടായ പ്രദേശമാണിത്. എന്നാൽ, പ്രദേശവാസികളെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഒരു നടപടിയും ഇതുവരെ അധികൃതർ കൈക്കൊണ്ടിട്ടില്ല. അധികൃതരാരും തന്നെ പ്രദേശം സന്ദർശിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. അധികതൃതർ തിരിഞ്ഞ് നോക്കാത്തതിനാൽ ആളുകൾ സ്വന്തം നിലയിൽ പ്രദേശത്തുനിന്ന് ഒഴിഞ്ഞ് പോകുകയാണ്. എന്നാൽ, രണ്ടോ മൂന്നോ കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ സുരക്ഷിതമായ സ്ഥലത്തേക്ക് ആളുകൾക്ക് എത്താൻ കഴിയുകയുള്ളു. പ്രദേശത്തുള്ള അറുപതോളം വീടുകളാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത്.