ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (08.08.2026 ) അവധി

തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (08.08.2026 ) അവധി. ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്‍ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്.

കാസർകോട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ, കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങി യാതൊരുവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ പ്രവർത്തിക്കാൻ പാടുള്ളതല്ലെന്ന് കളക്ടർ ഉത്തരവിൽ വ്യക്തമാക്കി. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും (Interviews) മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, കോച്ചിംഗ് ക്ലാസുകൾ എന്നിവയ്ക്ക് നാളെ (08/08/2026) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ, റസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമല്ല. റസിഡൻഷ്യൽ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം അതത് സ്ഥാപന മേധാവികൾ കർശനമായി ഉറപ്പാക്കണം. ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഇത്തരം സ്ഥാപനങ്ങൾക്കും അവധി നൽകാവുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ പ്രൊഫഷണൽ കോളെജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി. ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാലാണ് നാളെ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജലാശയങ്ങളിലേക്കും മലയോര മേഖലകളിലേക്കും യാത്രകൾ ഒഴിവാക്കുക: മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകളും വിനോദസഞ്ചാര യാത്രകളും പൂർണ്ണമായും ഒഴിവാക്കുക. പുഴകളിലും അരുവികളിലും ഇറങ്ങരുത്. പുഴകൾ, അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്. ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുണ്ട്.

കരകവിഞ്ഞൊഴുകുന്ന പാലങ്ങളിലോ പുഴയോരങ്ങളിലോ നിന്ന് സെൽഫിയെടുക്കുന്നതും കൂട്ടംകൂടി നിൽക്കുന്നതും ഒഴിവാക്കുക. പൊട്ടി വീണ മരച്ചില്ലകളോ വൈദ്യുതി ലൈനുകളോ കണ്ടാൽ തൊടരുത്. ഉടൻ തന്നെ കെഎസ്ഇബിയെ അല്ലെങ്കിൽ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കുക. ശക്തമായ കാറ്റും ഇടിമിന്നലുമുള്ളപ്പോൾ ജനലുകളിൽ നിന്നും ടെറസിൽ നിന്നും മാറിനിൽക്കുക. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യുക. അപകടാവസ്ഥയിലുള്ള വീടുകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശമനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറാൻ മടിക്കരുത്. വാഹനമോടിക്കുമ്പോൾറോഡുകളിൽ വെള്ളക്കെട്ടും റോഡ് തകർച്ചയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങളുടെ വേഗത കുറച്ച് ജാഗ്രതയോടെ ഡ്രൈവ് ചെയ്യുക. വെള്ളക്കെട്ടുള്ള റോഡുകളിലൂടെയോ താഴ്ന്ന പാലങ്ങളിലൂടെയോ വാഹനം ഓടിച്ചു പോകാൻ ശ്രമിക്കരുത്.