പാലക്കാട്: കനത്ത മഴയെത്തുടർന്ന് പാലക്കാട് അട്ടപ്പാടിയിലെ പല ഊരുകളും ഒറ്റപ്പെട്ടു. അട്ടപ്പാടിയിലെ പട്ടിമാളമൂരിൽ ​ഗർഭിണിയടക്കം ഏഴുപേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ നാളെ രാവിലെ മാത്രമേ നടത്താൻ കഴിയുകയുള്ളുവെന്ന് ജില്ലാഭ​രണകൂടം അറിയിച്ചു.

മഴ കനത്തതിനെ തുടർന്ന് പട്ടിമാളമൂരിൽ എത്താൻ കഴിയില്ലെന്നും അതിനാൽ രക്ഷാപ്രവർത്തനം ഇന്ന് നടത്താൻ കഴിയില്ലെന്നും ജില്ലാഭരണകൂടം വ്യക്തമാക്കി. ഫയർഫോഴ്സിന്റെ ഒരു സംഘത്തെ അട്ടപ്പാടിയിലേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ഭവാനിപ്പുഴ കരക്കവിഞ്ഞ് ഒഴുകുന്നതും അട്ടപ്പാടിയെ ആശങ്കയിലാക്കുന്നുണ്ട്.

അപ്പർ ഭവാനി ഡാം തുറക്കുകയാണെങ്കിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പമ്പയുടെ തീരത്ത് താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കോയമ്പത്തൂർ വഴി അട്ടപ്പാടി എത്താനുള്ള പാതയിൽ മരം വീണ് ​ഗതാ​ഗതം പൂർണ്ണമായും തടസ്സപ്പെട്ടു.