സംസ്ഥാനത്ത് ഇന്ന് രാത്രിയും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ഉൾപ്പെടെ ആറ് ജില്ലകളിൽ 10 മണിവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഒക്ടോബർ 14 വരെ മഴ തുടരുമെന്നാണ് പ്രവചനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രിയും കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. പ്രധാനമായും 6 ജില്ലകളിലാണ് ഇന്ന് രാത്രി അതിശക്ത മഴക്ക് സാധ്യത. ഇത് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി പത്ത് മണിവരെയാണ് നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഇന്ന് മൊത്തം 4 ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ ജാഗ്രത. അതിനിടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം പ്രവചിച്ചു. കേരളത്തിൽ ഒക്ടോബർ 14 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത
മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴിസ്ഥിതി ചെയ്യുന്നു. ഈ ചക്രവാതച്ചുഴി ഒക്ടോബർ 11 ഓടെ ആൻഡമാൻ കടലിൽ പ്രവേശിക്കുകയും ഒക്ടോബർ 13 ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യത. കേരളത്തിൽ 2026 ഒക്ടോബർ 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഒക്ടോബർ 10 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഒക്ടോബർ 10, 11തീയതികളിൽ കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബർ 12-14 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

