കല്‍പറ്റ: ഇന്ന് രാത്രി അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലയില്‍ അതീവ ജാഗ്രത. ഈ സീസണിലെ ഏറ്റവും ശക്തമായ മഴ ഇന്നു രാത്രി വയനാട്ടില്‍ പെയ്യുമെന്നാണ് ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ അപകടസാധ്യതയുള്ള മേഖലകളില്‍ നിന്നും മുഴുവന്‍ ജനങ്ങളേയും ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നും അവസാനത്തെ ആളേയും ഒഴിപ്പിച്ചിരിക്കണം എന്ന കര്‍ശന നിര്‍ദേശമാണ് നല്‍കിയത്. 

മുന്‍കരുതലെന്ന നിലയില്‍ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. അറുപത് കമ്പനി സൈന്യമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. കാലവര്‍ഷക്കെടുതിയില്‍ വയനാട്ടില്‍ ഇന്ന് രണ്ട് പേര്‍ മരണപ്പെട്ടിരുന്നു. ആളുകള

കഴിഞ്ഞ അഞ്ച് ദിവസമായി ഇടതടവില്ലാതെ വയനാട്ടില്‍ മഴ ലഭിക്കുകയാണ് ഇന്നും ശരാശരി 200 മില്ലീമീറ്റിന് മുകളില്‍ മഴ ലഭിച്ചിട്ടുണ്ട്. 5000-ത്തോളം പേര്‍ ഇതിനോടകം ക്യാംപുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. കര്‍ണാടകയിലേക്ക് കുട്ടം വഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. വയനാടിനോട് അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലേയും തമിഴ്നാട്ടിലേയും സ്ഥലങ്ങളിലും കനത്തമഴയും മലവെള്ളപ്പാച്ചിലും ഉണ്ടായിട്ടുണ്ട്. 

കല്‍പറ്റ ടൗണിലടക്കം ഇക്കുറി വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. കടകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വ്യാപാരികള്‍ സാധനങ്ങള്‍ മാറ്റി കട അടയ്ക്കുകയാണ്. കഴിഞ്ഞ പ്രളയക്കാലത്ത് പോലും വെള്ളം കയറാത്ത പലഭാഗത്തും വെള്ളം പൊന്തിയത് ആളുകളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.  സൈന്യത്തിനെ കൂടാതെ ദേശീയ ദുരന്തനിവാരണസേനയും കണ്ണൂരിലെ ടെറിട്ടോറിയല്‍ ആര്‍മിയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കു ചേരുന്നുണ്ട്.