സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. ഒൻപത് ജില്ലകളിൽ ഇന്ന് തീവ്ര മഴ മുന്നറിയിപ്പാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത. നാല് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. ഒൻപത് ജില്ലകളിൽ ഇന്ന് തീവ്ര മഴ മുന്നറിയിപ്പാണ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത. നാല് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കാലാവസ്ഥ മോശമായതിനാൽ കേരള തീരത്ത് നിന്ന് മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും നി‍ർദേശമുണ്ട്.

കാലാവസ്ഥ കാരണം ഉണ്ടായ സാങ്കേതിക തടസ്സങ്ങളാൽ കാലിക്കറ്റ്‌ സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്റേണൽ, പ്രാക്റ്റിക്കൽ, വൈവ പരീക്ഷകൾക്ക് മാറ്റമില്ല. മഹാത്മാഗാന്ധി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.