അടുത്ത മൂന്ന് മണിക്കൂർ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തിരുവനന്തപുരം: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് മണിക്കൂർ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത മൂന്ന്‌ മണിക്കൂർ എറണാകുളം ജില്ലയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഇടുക്കിയിൽ ശക്തമായ മഴയിലും കാറ്റിലും നാശനഷ്ടം. വണ്ടിപ്പെരിയാർ മ്ലാമല ഭാഗത്താണ് നാശനഷ്ടങ്ങൾ ഉണ്ടായത്. മരം കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. ശക്തമായ കാറ്റിൽ വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂര പറന്നുപോയി. പ്രദേശത്ത് വ്യാപകമായി കൃഷി നാശവുമുണ്ടായിട്ടുണ്ട്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ വെള്ളിയാഴ്ചയും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ശനിയാഴ്ചയുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടില്ല.