തിരുവനന്തപുരം: കഴിഞ്ഞ് രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പത്തായി. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ശക്തം. വടകര വിലങ്ങാടിൽ ഇന്ന് രാവിലെ ഉരുൾപൊട്ടി നാലുപേരെ കാണാതായി. വടക്കൻ കേരളത്തിലെ മലയോര മേഖലകളിൽ പലയിടത്തും മണ്ണിടിച്ചിൽ തുടരുകയാണ്. വെള്ളം കയറി, നിലമ്പൂരും ഇരിട്ടിയും അടക്കമുള്ള പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. ചാലിയാർ പുഴ ഗതി മാറിയൊഴുകി. പുഴയോരത്ത് താമസിക്കുന്നവർ ഉടൻ ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. രാത്രിയിലും മഴ തുടര്‍ന്നതോടെയാണ് പലയിടത്തും അപകടത്തിന്‍റെ വ്യാപ്തി വര്‍ധിച്ചത്.