Asianet News MalayalamAsianet News Malayalam

കനത്ത മഴ, മിന്നൽ പ്രളയം; വടക്കേ ഇന്ത്യയിൽ മരണം അമ്പതായി, മധ്യപ്രദേശിൽ 39 ജില്ലകളിൽ റെഡ് അലർട്ട്

ഹിമാചലിൽ മാത്രം 27 പേർ മരിച്ചു. മഴ ഏറ്റവും ശക്തമായ ശനിയാഴ്ച മാത്രം ഹിമാചലിൽ 21 പേരാണ് മരിച്ചത്. 7 വീടുകൾ തകർന്നു. 96 റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു

Heavy rains continues in North India, Death toll crosses 50
Author
Delhi, First Published Aug 22, 2022, 10:40 AM IST

ദില്ലി: വടക്കേ ഇന്ത്യയിൽ മഴക്കെടുതികൾ തുടരുന്നു. വിവിധ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം അമ്പത് കടന്നു. മിന്നൽ പ്രളയവും കനത്ത മഴയും ജനജീവിതം താറുമാറാക്കിയ ഹിമാചലിൽ മാത്രം 27 പേർ മരിച്ചു. ജാർഖണ്ഡിൽ ആറ് കുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ഇരുപതോളം പേരെ കാണാതായി. മഴ കനത്തതോടെ മധ്യപ്രദേശിലെ 39 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം മധ്യപ്രദേശിലേക്ക് നീങ്ങിയതോടെ ഒഡീഷ, ജാർഖണ്ഡ്, സംസ്ഥാനങ്ങൾക്ക് പുറമെ മധ്യപ്രദേശ്, ഛത്തീസ്‍ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലും മഴ കനത്തു. നർമദാ നദി കരകവിഞ്ഞൊഴുകിയതോടെ മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയ സമാനമായ സാഹചര്യമാണ്. ഭോപ്പാൽ ഉജ്ജയിൻ ഉൾപ്പെടെ 39 ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ജാർഖണ്ഡിലെ തെക്കൻ മേഖലകളിൽ വെള്ളം കയറിയതോടെ ഇവിടെ നിന്നും 25,000 പേരെ മാറ്റി പാർപ്പിച്ചു. പാലമു, ഹസാരിബാഗ് ജില്ലകളിലായി വെള്ളക്കെട്ടിൽ നീന്താനിറങ്ങിയ ആറു കുട്ടികൾ മുങ്ങി മരിച്ചു. രാജസ്ഥാനിലെ ടോങ്ക് മേഖലയിൽ ഉൾപ്പടെ വിവിധ ഇടങ്ങളിൽ റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായതോടെ ഗതാഗതം തടസ്സപ്പെട്ടു. ഒഡീഷയിലെ ബാലസോർ ജില്ലയിൽ പ്രളയത്തെ തുടർന്ന ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 

മഴ ഏറ്റവും ശക്തമായ ശനിയാഴ്ച മാത്രം ഹിമാചലിൽ 21 പേരാണ് മരിച്ചത്. 7 വീടുകൾ തകർന്നു. നൂർപൂർ ഗ്രാമത്തിലാണ് മഴയിൽ വീടുകൾ തകർന്നത്. വീടുകളിൽ ഉണ്ടായിരുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സംസ്ഥാനത്ത് മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായതിനെ തുടർന്ന് 96 റോഡുകളിൽ ഗതാഗതം നിലച്ചു. ഇവിടം ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഗംഗാ, യമുനാ നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ ഉത്തർപ്രദേശ്, ബിഹാർ, സംസ്ഥാനങ്ങളിലും പ്രളയ ഭീഷണി നിലനിൽക്കുന്നുണ്ട്.



 

Follow Us:
Download App:
  • android
  • ios