തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന പരിപാടികൾ നടക്കുന്നതിനാൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സെപ്തംബര്‍ 16 ന് ഉച്ചക്ക് 12 മണിക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ കെ ഗോപാലകൃഷണൻ അറിയിച്ചു. നഗരത്തില്‍ കനത്ത സുരക്ഷയാണ് ഓണം ഘോഷയാത്രയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.

സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ പൊലീസ്

കനകക്കുന്നിൽ ഓണമാഘോഷിക്കാനെത്തുന്നവർക്ക് സുരക്ഷിതമായ ആഘോഷം ഉറപ്പുവരുത്തുന്നതിനായി ബൃഹത് സംവിധാനങ്ങളാണ് കേരള പൊലീസ് ഒരുക്കിയിരിക്കുന്നത്. പ്രധാന വേദിയായ കനകക്കുന്നിൽ നാർക്കോട്ടിക്‌സ് സെൽ ഡി വൈ എസ് പി ഷീൻ തറയിലിന്‍റെ നേതൃത്വത്തിൽ നൂറോളം പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷയൊരുക്കുന്നു. ഇവർക്കു പുറമേ മൂന്ന് സർക്കിൾ ഇൻസ്‌പെക്ടർമാർ, ഷാഡോ പൊലീസ് സംഘം, 15 സ്ട്രൈക്കർമാർ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി പിങ്ക് പട്രോൾ, വനിതാ ബറ്റാലിയൻ ഉദ്യോഗസ്ഥർ എന്നിവരും കനകക്കുന്ന് പരിസരത്ത് സുരക്ഷാ വലയം തീർക്കും.

കനകക്കുന്നിലും പരിസരത്തുമായി 30 ഓളം ക്യാമറകളും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി പ്രത്യേക കൺട്രോൾ റൂമും സജ്ജീകരിച്ചിരിക്കുന്നു. നഗരത്തിനു പുറത്തുള്ള പ്രധാന വേദികളിലും പഴുതടച്ച സുരക്ഷ സംവിധാനം പൊലീസ് ഒരുക്കും. ഇതിനായി 1500-ഓളം  പൊലീസ് ഉദ്യോഗസ്ഥരെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിരിക്കുന്നത്.