തിരുവനന്തപുരം: ഇരു ചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാർക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത് ഫലം കാണുന്നു. ബൈക്കപടങ്ങളിലെ മരണ നിരക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനത്തോളം കുറഞ്ഞെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

മോട്ടോര്‍ വാഹന നിയമ ഭേദഗതി നവംബര്‍ 1 മുതലാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്. ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. നിയമലംഘനത്തിന് 500 രൂപയാണ് പിഴ. സംസ്ഥാനത്ത് ഈ വര്‍ഷം നവംബര്‍ വരെ 4044 പേരാണ് വാഹനപാകടങ്ങളിൽ മരിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.6 ശതമാനം കൂടുതലാണിത്. 

ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കിയ നവംബറിലെ കണക്ക് പ്രകാരം 311 പേരാണ് നവംബറില്‍ വാഹനാപകടങ്ങളില്‍ മരിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാകട്ടെ 352 പേരുടെ ജീവന്‍ അപകടങ്ങളില്‍ നഷ്ടമായി. അതായത് പിന്‍സീറ്റില്‍ ഹൈല്‍മറ്റ് നിര്‍ഡബന്ധമാക്കിയതോടെ ഒരു മാസം 41 ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞു.

പുതുവര്‍ഷത്തില്‍ ഹൈല്‍മറ്റ് പരിശോധനയും ബോധവല്‍ക്കരണവും ശക്തമാക്കാനാണ് മോട്ടോര്‍വാഹന വകുപ്പിന്‍റെ തീരുമാനം. ഡിജിറ്റല്‍ സാധ്യത കൂടുതലായി പ്രയോജനപ്പെടുത്തും. റോഡ് സുരക്ഷാ വാരാചരണത്തിന്‍റെ ഭാഗമായി ജനുവരി ആദ്യം വിപുലമായി പരിപാടികളും സംസ്ഥാനത്ത് സംഘടിപ്പിക്കുന്നുണ്ട്.