വാഹന പരിശോധന എസ്ഐയുടെ നേതൃത്വത്തില്‍ വേണമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചു. പരിശോധന ക്യാമറയിൽ പകർത്തണം. ലാത്തി ഉപയോഗിക്കാനോ ദേഹപരിശോധന നടത്താനോ പാടില്ല.

തിരുവന്തപുരം: സംസ്ഥാനത്ത് പിൻസീറ്റിൽ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ പശ്ചാത്തലത്തില്‍ വാഹനപരിശോധനയില്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി ഡിജിപി ലോക്നാഥ് ബെഹ്റ. വാഹന പരിശോധന എസ്ഐയുടെ നേതൃത്വത്തില്‍ വേണമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചു.

പരിശോധന ക്യാമറയിൽ പകർത്തണം. ലാത്തി ഉപയോഗിക്കാനോ ദേഹപരിശോധന നടത്താനോ പാടില്ല. വാഹനങ്ങൾ നിർത്തിയില്ലെങ്കിൽ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കേണ്ട. പരിശോധനയുടെ വീഡിയോ ചിത്രീകരിക്കണം. എസ്ഐ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാകണം പരിശോധന . റോഡിൽ കയറി കൈ കാണിക്കരുത്. വളവിലും തിരുവിലും പരിശോധന പാടില്ല എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. അനിഷ്ട സംഭവങ്ങൾ സംഭവിച്ചാല്‍ എസ്‍പിമാരിയിരിക്കും ഉത്തരവാദിയെന്നും ബെഹ്റ വ്യക്തമാക്കി. 

സംസ്ഥാനത്ത് പിൻസീറ്റിൽ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാർക്കും ഇന്ന് മുതല്‍ ഹെൽമറ്റ് നിർബന്ധമാക്കി. ആദ്യഘട്ടത്തിൽ പിഴ ഒഴിവാക്കാനാണ് തീരുമാനം. കുട്ടികളുൾപ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുൻപാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത് നിര്‍ബന്ധമാക്കിയതോടെ ഹെൽമറ്റ് പരിശോധന ഇന്നുമുതല്‍ തന്നെ കർശനമാക്കാനാണ് മോട്ടോർ വാഹനവകുപ്പ് തീരുമാനം. വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ആദ്യ ഘട്ടത്തിൽ ബോധവത്ക്കരണമായിരിക്കും ലക്ഷ്യം. പിഴ ഒഴിവാക്കി ഹെൽമറ്റ് വാങ്ങാൻ സാവകാശം നൽകുമെന്നാണ് വ്യക്തമാകുന്നത്.

ഹെൽമറ്റില്ലാതെയും സീറ്റ് ബൽറ്റില്ലാതെയും യാത്ര ചെയ്യുന്നവർക്കുള്ള 500 രൂപയാണ് പിഴയായി സംസ്ഥാനസർക്കാർ നിശ്ചയിച്ചിരിക്കുന്നത്. സ്ഥിരമായി ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്താൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങും. കടയ്ക്കലിൽ ഹെൽമറ്റ് വേട്ടയ്ക്കിടെ യുവാവിന് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിൽ കൂടിയാണ് കർശനപരിശോധനയില്‍ സാവകാശമുണ്ടാകുന്നത്. വാഹനങ്ങൾ പിൻതുടർന്ന് പരിശോധന നടത്തരുതെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.