കേസെടുക്കുന്നതിൽ വന്ന വീഴ്ച മാത്രമല്ല സിനിമാ മേഖലയിലെ ദുഷ്പ്രവണതകൾ പരിഹരിക്കുന്നതിനുള്ള കമ്മിറ്റി നിര്‍ദ്ദേശങ്ങളിലും കഴിഞ്ഞ നാലര വര്‍ഷമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല.

തിരുവനന്തപുരം: സിനിമാ മേഖലയിലെ ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ അക്കമിട്ടുനിരത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ തുടര്‍ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ സര്‍ക്കാര്‍ പ്രതിക്കൂട്ടിൽ. കേസെടുക്കുന്നതിൽ വന്ന വീഴ്ച മാത്രമല്ല സിനിമാ മേഖലയിലെ ദുഷ്പ്രവണതകൾ പരിഹരിക്കുന്നതിനുള്ള കമ്മിറ്റി നിര്‍ദ്ദേശങ്ങളിലും കഴിഞ്ഞ നാലര വര്‍ഷമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ആരെ സംരക്ഷിക്കാനാണ് സര്‍ക്കാർ റിപ്പോര്‍ട്ട് പൂഴ്ത്തിയതെന്ന് വി ഡി സതീശന്‍ ചോദിക്കുമ്പോള്‍, മന്ത്രി സജി ചെറിയാൻ രാജിവക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരനും ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ ഡബ്ല്യുസിസി നിര്‍ബന്ധം കൂടിയായപ്പോഴാണ് ഹേമ കമ്മിറ്റിയുമായി സര്‍ക്കാര്‍ ചാടി വീണത്. സ്ത്രീ സുരക്ഷയും തൊഴിൽ സുരക്ഷിതത്വവും അസമത്വങ്ങളിൽ പരിഹാരവും എല്ലാം ചേര്‍ന്ന നയസമീപനങ്ങളും കൂടിയായപ്പോൾ പിണറായി സര്‍ക്കാര്‍ പൊതുസമൂഹത്തിൽ കയ്യടി നേടി. കമ്മിറ്റിയെ വിശ്വസിച്ച പലരും അനുഭവങ്ങൾ തുറന്ന് പറഞ്ഞു. ഞെട്ടിപ്പിക്കുന്ന വസ്തുകൾക്കൊപ്പം നടപടി നിര്‍ദ്ദേശങ്ങളും ഉൾപ്പെടുത്തി ജസ്റ്റിസ് ഹേമ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകിയിട്ട് നാലരക്കൊല്ലമായി. ലൈംഗിതാതിക്രമങ്ങൾ റിപ്പോര്‍ട്ട് ചെയ്താൽ സ്വമേധയാ കേസെടുക്കാൻ വകുപ്പുണ്ടായിട്ട് പോലും ഒന്നും ചെയ്തില്ല. നിയമപരമായ തുടര്‍നടപടിയിൽ രണ്ട് പക്ഷമെന്ന് പറഞ്ഞാണ് പ്രതിരോധം. അത് മുഖവിലക്ക് എടുത്താൽ പോലും സിനിമാ മേഖലയിലെ സമഗ്ര നവീകരണത്തിന് കമ്മിറ്റി മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളിൽ സര്‍ക്കാര്‍ എന്ത് ചെയ്തെന്ന ചോദ്യമാണ് ബാക്കി. ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷവും ബിജെപിയും സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്നത് അതിശക്തമായ ആക്ഷേപങ്ങളാണ്.

സിനിമാ മേഖലയിലെ പ്രശ്നം ചര്‍ച്ച ചെയ്യാൻ കോൺക്ലേവ് സംഘടിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ ഇപ്പോൾ പറയുന്നത്. കൊട്ടിഘോഷിച്ച സിനിമാ നയ രൂപീകരണത്തിന് കരട് രൂപരേഖയുണ്ടാക്കുന്ന കൺസൾട്ടൻസിക്ക് ഒരു കോടി അനുവദിച്ചത് ഇന്നലെ മാത്രമാണ്. സിനിമാ സെറ്റുകളിലെ തൊഴിൽ നിയമ ലംഘനം തടയാനോ അഭ്യന്തര പരാതി പരിഹാര സമിതിയുടെ പോരായ്മ പരിഹരിക്കാനുള്ള നിര്‍ദ്ദേശം നടപ്പാക്കാനോ സര്‍ക്കാരിന് എന്തായിരുന്നു തടസമെന്ന് ചോദിച്ചാൽ അതിനുമില്ല വ്യക്തമായ മറുപടി.