Asianet News MalayalamAsianet News Malayalam

ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹർജികള്‍ പരിഗണിക്കുന്ന പ്രത്യേക ഹൈക്കോടതി ബെഞ്ചിന്‍റെ ആദ്യ സിറ്റിങ് ഇന്ന്

ഹർജികളിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് നടി രഞ്ജിനിയും കോടതിയെ സമീപിച്ചിട്ടുണ്ട്

hema Committee report latest news first sitting of the special High Court bench today
Author
First Published Sep 10, 2024, 6:21 AM IST | Last Updated Sep 10, 2024, 6:21 AM IST

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുളള ഹർജികൾ പരിഗണിക്കുന്നതിന് രൂപീകരിച്ച പ്രത്യേക  ഹൈക്കോടതി ബെഞ്ചിന്‍റെ ആദ്യ സിറ്റിങ്  ഇന്ന് . ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ്  സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കുക, അന്വേഷണം സിബിഐക്ക് കൈമാറുക തുടങ്ങിയ  ആവശ്യങ്ങൾ ഉന്നയിച്ചുളള വിവിധ ഹ‍ർജികളാണ് പ്രത്യേക ബെഞ്ചിന്  മുന്നിലുളളത്. ഹർജികളിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് നടി രഞ്ജിനിയും കോടതിയെ സമീപിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണരൂപം മുദ്രവെച്ച കവറിൽ ഹാജരാക്കാൻ ആക്ടിങ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട മറ്റൊരു ബെഞ്ച് നേരത്തെ നിർദേശിച്ചിരുന്നു. ഇതും ഇന്ന് പ്രത്യേക ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വരും.

അതേസമയം, ലൈംഗീകാതിക്രമ കേസിൽ പ്രതിയായ സംവിധായകൻ വി കെ പ്രകാശിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുവതിയായ തിരക്കഥാകൃത്തിന്‍റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. നിലവിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പരാതിക്ക് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമെന്നാണ് വികെ പ്രകാശിന്‍റെ ആരോപണം. കഥാ ചർച്ചയ്ക്ക് വിളിച്ചുവരുത്തി ലൈംഗീകാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. 2 വർഷം മുന്പ് കൊല്ലത്തുവച്ച് അതിക്രമം നടന്നുവെന്നാണ് പരാതിയിൽ ഉള്ളത്. ജസ്റ്റിസ് സി എസ് ഡയസാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ബലാത്സംഗക്കേസിൽ പ്രതിയായ അഭിഭാഷക അസോസിയേഷൻ നേതാവ് വി.എസ്.ചന്ദ്രശേഖറിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ഉത്തരവ് പറയും. മുകേഷ്, ഇടവേള ബാബു, ജയസൂര്യ തുടങ്ങിയവർക്കെതിരെ കേസ് കൊടുത്ത ആലുവ സ്വദേശിനിയായ നടി തന്നെയാണ് അഭിഭാഷകനെതിരെയും പരാതി നൽകിയത്. ഹർ‍ജിയിൽ വാദം നേരത്തെ പൂർ‍ത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തത്. ഇത് കോടതി പ്രത്യേകം പരിഗണിച്ചിരുന്നു.


അജിത് കുമാറിനെതിരെ നടപടിയുണ്ടാകുമോ? സമ്മർദം ശക്തമാക്കി എൽഡിഎഫ്, നിർണായക തീരുമാനത്തിന് മടിച്ച് മുഖ്യമന്ത്രി

 

Latest Videos
Follow Us:
Download App:
  • android
  • ios