സംസ്ഥാനത്ത് 1500 ഓളം ഹീമോഫീലിയ രോഗികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഏറ്റവും കൂടുതല്‍ പേരുള്ളത് മലപ്പുറത്താണ്

മലപ്പുറം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള ഹീമോഫീലിയ രോഗികള്‍ക്ക് കൂടി സൗജന്യ പ്രൊഫൈലാക്സിസ് ചികിത്സ സൗകര്യം ഒരുക്കണമെന്ന് ആവശ്യം. രക്തസ്രാവം ,വൈകല്യം തുടങ്ങിയ അവസ്ഥകള്‍ തടയാനുള്ള പ്രൊഫൈലാക്സിസ് ചികിത്സാ രീതി നിലവില്‍ 18 വയസുവരെയുള്ള രോഗികള്‍ക്കാണ് ലഭ്യമാക്കുന്നത്. രക്തം കട്ടപിടിക്കുന്നതിന് പ്രയാസം നേരിടുന്നതിനാല്‍ സന്ധികളിലും അവയവങ്ങളിലും രക്തസ്രാവം സംഭവിക്കുന്ന ജനിതകരോഗമാണ് ഹീമോഫീലിയ. 

രക്തം കട്ടപിടിക്കാന്‍ ആവശ്യമുള്ള ഫാക്ടര്‍ 8, ഫാക്ടര്‍ 9 എന്നിവയുടെ അഭാവമാണ് പ്രധാന കാരണം. ഇതിന് പരിഹാരമാണ് പ്രൊഫൈലാക്സിസ് ചികിത്സ. ആഴ്ചയിലൊരിക്കല്‍ നിശ്ചിത അളവില്‍ ഫാക്ടര്‍ മരുന്നുകള്‍ നല്‍കുന്ന ചെലവേറിയ പ്രൊഫൈലാക്സിസ് ചികിത്സ ആരോഗ്യവകുപ്പിന്റെ ജില്ലാ കേന്ദ്രങ്ങളില്‍ 18 വയസുവരെ ഉള്ളവര്‍ക്കാണ് ലഭ്യമാക്കുന്നത്. മുതിര്‍ന്നവര്‍ക്കും സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.

സംസ്ഥാനത്ത് 1500 ഓളം ഹീമോഫീലിയ രോഗികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഏറ്റവും കൂടുതല്‍ പേരുള്ളത് മലപ്പുറത്താണ്. 18 മുതല്‍ 21 വയസുവരെ പ്രായമുള്ളവരുടെ പ്രൊഫൈലാക്സിസ് ചികിത്സ ചെലവ് ഏറ്റെടുക്കാമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് അറിയിച്ചു.