"കഴിഞ്ഞ തവണ ഞങ്ങൾക്ക് 2817 എൻട്രികൾ ലഭിച്ചിരുന്നു. 2017 ൽ 1415 പേരാണ് വീഡിയോ ദൃശ്യങ്ങൾ അയച്ചത്. ഇക്കുറി ആന ഉടമസ്ഥ സംഘത്തിന്റെ പൊള്ളത്തരങ്ങൾ ജനങ്ങൾക്ക് കുറേക്കൂടി മനസിലായിട്ടുണ്ട്. കൂടുതൽ വീഡിയോ ദൃശ്യങ്ങൾ വരുമെന്നാണ് പ്രതീക്ഷ," ആന പീഡകർക്കെതിരെ നിരന്തരം പോരാടുന്ന വികെ വെങ്കിടാചലം പറഞ്ഞു

തൃശ്ശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കും തുടർന്നുണ്ടായ കോലാഹലങ്ങളും തെല്ലൊന്ന് കെട്ടടങ്ങിയിരിക്കുകയാണ്. എന്നാൽ ആനകളെ ഉത്സവങ്ങൾക്കടക്കം എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ കോലാഹലങ്ങളാണ് ഉയർന്നിരിക്കുന്നത്. തൃശ്ശൂർ പൂരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആനകളെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ പകർത്തിയാൽ സമ്മാനം നൽകാമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ്.

ഈ മാസം 17 വരെയാണ് മത്സരം. പൂരനഗരിയിൽ ആനകളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പകർത്തേണ്ടത്. മെയ് 17 ന് രാത്രി 12 മണിക്ക് മുൻപ് പകർത്തിയ ദൃശ്യങ്ങൾ heritageanimaltaskforce2016@gmail.com ലേക്ക് അയക്കണം. ഏറ്റവും മികച്ച ദൃശ്യം പകർത്തുന്നയാൾക്ക് 10000 രൂപയാണ് സമ്മാനമായി നൽകുക.

"ആനകളെ അവയുടെ സ്വാഭാവിക ജീവിതാവസ്ഥയിലേക്ക് മാറ്റിത്താമസിപ്പിക്കണം എന്നതാണ് ഞങ്ങൾ മുന്നോട്ട് വയ്ക്കുന്ന ആവശ്യം. നേരത്തെ ആനപ്രേമി സംഘം എന്ന പേരിലാണ് ഞങ്ങൾ പ്രവർത്തിച്ചിരുന്നത്. 2016 ലാണ് പേര് ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ് എന്നാക്കി മാറ്റി രജിസ്റ്റർ ചെയ്തത്. ആനകൾ മനുഷ്യന്റെ മുന്നിൽ ചങ്ങലക്കിട്ട് പ്രദർശിപ്പിക്കേണ്ട ജീവിയല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ ശ്രമം," ടാസ്ക് ഫോഴ്സിന്റെ മുഖ്യ പ്രവർത്തകനായ വികെ വെങ്കിടാചലം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

"ഞങ്ങൾക്ക് ലഭിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കോടതി ആവശ്യത്തിന് ഉപയോഗിക്കും. ഇത് മൂന്നാം തവണയാണ് ഞങ്ങൾ മത്സരം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ തവണ 2817 എൻട്രികൾ ലഭിച്ചിരുന്നു. 2017 ൽ 1415 പേരാണ് വീഡിയോ ദൃശ്യങ്ങൾ അയച്ചത്. ഇക്കുറി ആന ഉടമസ്ഥ സംഘത്തിന്റെ പൊള്ളത്തരങ്ങൾ ജനങ്ങൾക്ക് കുറേക്കൂടി മനസിലായിട്ടുണ്ട്. അതിനാൽ തന്നെ കൂടുതൽ വീഡിയോ ദൃശ്യങ്ങൾ വരുമെന്നാണ് പ്രതീക്ഷ," വെങ്കിടാചലം പറഞ്ഞു.

വെങ്കിടാചലവും സുഹൃത്തുക്കളായ ആറ് പേരും ചേർന്നാണ് ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സിന് രൂപം നൽകിയത്. എന്നാൽ സംഘത്തിലെ മറ്റ് ആറ് പേരുടെ പേര് വിവരങ്ങൾ പുറത്തുവിടുന്നതിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന് വെങ്കിടാചലം പറഞ്ഞു. "എന്നെ ഇവർക്കെല്ലാം അറിയാം. മറ്റുള്ളവർ തൃശ്ശൂർ സ്വദേശികളും രാജ്യത്തിന്റെ പല ഭാഗത്ത് താമസിക്കുന്നവരുമാണ്. ആനകളെ കെട്ടിയിട്ട് ദ്രോഹിക്കുന്നതിനെതിരെ പ്രവർത്തിച്ചതിന് 2008 ൽ പൂരപ്പറമ്പിൽ വച്ച് എനിക്ക് ആൾക്കൂട്ടത്തിന്റെ മർദ്ദനം ഏറ്റിരുന്നു. അതിന് ശേഷം മർദ്ദനമേറ്റിട്ടില്ല. പക്ഷെ എല്ലാ വർഷവും പൂരപ്പറമ്പിൽ ചെന്നാൽ ആളുകൾ അസഭ്യം പറയാറുണ്ട്. കേട്ടില്ലെന്ന് കരുതി നടക്കാറാണ് പതിവ്," വെങ്കിടാചലം പറഞ്ഞു.

പൂരപ്പറമ്പിൽ ആനകളെ പീഡിപ്പിക്കുന്നത് തുറന്നുകാട്ടാൻ 2003 മുതലാണ് ശ്രമങ്ങൾ ആരംഭിച്ചത്. ആനപ്രേമി സംഘം 2003 മുതൽ 2017 വരെ തുടർച്ചയായി ഫോട്ടോഗ്രഫി മത്സരം നടത്തിവന്നു. 2017 മുതൽ ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ ഈ മത്സരം ആരംഭിച്ചതോടെ ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ് വീഡിയോഗ്രാഫി മത്സരം നടത്താൻ തുടങ്ങി.

ജൂൺ മാസം അഞ്ചാം തീയ്യതി മികച്ച വീഡിയോയ്ക്ക് സമ്മാനം നൽകും. തൃശ്ശൂർ പ്രസ് ക്ലബിൽ വച്ചാണ് പുരസ്കാര ദാനചടങ്ങ്. പതിനായിരം രൂപയാണ് സമ്മാനമായി നൽകുക.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശ്ശൂർ പൂരത്തിൽ പങ്കെടുപ്പിക്കാനുള്ള ശ്രമം നിയമലംഘനവും ആചാരലംഘനവുമാണെന്ന് വികെ വെങ്കിടാചലം കുറ്റപ്പെടുത്തി. നെയ്തലക്കാവിൽ നിന്ന് തിടമ്പ് തലയിലെടുത്ത് അത് പാതിവഴിയിൽ നിന്ന് മറ്റൊരു ആനയുടെ തലയിലേക്ക് മാറ്റി ശേഷം ഗോപുരനട കടന്ന് ആന ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ ഇത്ര കാലവും നടന്നുവന്ന ആചാരമാണ് തെറ്റിപ്പോകുന്നതെന്ന് വെങ്കിടാചലം കുറ്റപ്പെടുത്തി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിൽ പങ്കെടുപ്പിക്കാൻ സമിതിയുണ്ടാക്കിയത് സുപ്രീം കോടതി അംഗീകരിച്ച എലിഫന്റ് പരേഡ് റൂളിന്റെയും കേരളത്തിലെ നാട്ടാന പരിപാലന നിയമത്തിന്റെയും ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.