Asianet News MalayalamAsianet News Malayalam

കളമശ്ശേരി മെഡിക്കൽ കോളേജിൽ സംഭവിച്ചത് ഗുരുതര ചികിത്സാ പിഴവെന്ന് ഹൈബി ഈഡൻ എംപി

കളമശ്ശേരി മെഡിക്കൽ കോളേജിൽ സംഭവിച്ചത് ഗുരുതര ചികിത്സ പിഴവെന്ന് ഹൈബി ഈഡൻ എംപി.

Hibi Eden MP said that what happened at Kalamassery Medical College was a serious medical error
Author
Kerala, First Published Oct 19, 2020, 5:03 PM IST

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ സംഭവിച്ചത് ഗുരുതര ചികിത്സ പിഴവെന്ന് ഹൈബി ഈഡൻ എംപി.  സംഭവത്തിൽ നഴ്സിംഗ് സൂപ്രണ്ടിനെ മാത്രം മാറ്റിനിർത്തിയിട്ട് കാര്യമില്ല. പ്രധാന ചുമതലയിൽ വരുന്ന ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണമുണ്ടാകണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു.

നഴ്സുമാരുടെ അശ്രദ്ധമൂലം കൊവിഡ് രോഗിക്ക് മരണം സംഭവിക്കുന്നതായുള്ള നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത് ഹൈബി ഈഡൻ എംപിയാണ്.

കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ എംപി ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടും തുടർനടപടിയുണ്ടായില്ലെന്നും ഹൈബി ഈഡൻ പറഞ്ഞു. ഏഴ് മാസം പിന്നിട്ടിടും ഫണ്ട് വിനിയോഗം നടന്നോ എന്നതിൽ വ്യക്തതയില്ല. 

ഫണ്ട് വിനിയോഗം വെച്ച് താമസിപ്പിക്കുന്നതിന്റെ കാരണം അറിയില്ല.വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ഹൈബി ഈഡൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചിരുന്നു. രോഗികളിൽ ചിലർ ജീവനക്കാരുടെ അശ്രദ്ധ മൂലം മരണം സംഭവിച്ചുവെന്ന് വെളിപ്പെടുത്തിയ നഴ്സിംഗ് ഓഫീസർ ജലജ ദേവിയെ ആണ് സസ്പെന്റ് ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 

കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാർഡുകളിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളിൽ ചിലർക്ക് ജീവനക്കാരുടെ അശ്രദ്ധ മൂലം മരണം സംഭവിച്ചതായി നഴ്സിംഗ് ഓഫീസർ ജലജ ദേവി വെളിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെയായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്. 
 

Follow Us:
Download App:
  • android
  • ios