തിരുവനന്തപുരം: കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ ഹൈബി ഈഡന്‍ എംപിയുടെ ഒളിയമ്പ്. തേവര കോളേജിലെ പഴയ എസ്എഫ്ഐക്കാരിയെന്ന് സംബോധന ചെയ്താണ്  ഹൈബിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഫാസിസം എസ്എഫ്ഐയിലേ നടക്കൂ, കോണ്‍ഗ്രസില്‍ നടക്കില്ല എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലെ വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം..

ഇത് കോൺഗ്രസാണ് സഹോദരി... തേവര കോളേജിലെ പഴയ എസ്എഫ്ഐക്കാരിക്ക് ഒമ്പതു വർഷം മതിയാവില്ല ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംസ്‍കാരവും ചരിത്രവും പഠിക്കാൻ. ഫാസിസം എസ്എഫ്ഐയിലേ നടക്കൂ... ഇത് കോൺഗ്രസാണ്. 

എന്നാല്‍, മണിക്കൂറുകള്‍ക്കകം ഹൈബി ഈഡന്‍ പോസ്റ്റ് പോസ്റ്റ് പിന്‍വലിച്ചു. പോസ്റ്റ് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വം ഹൈബിയോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം. 

മേയര്‍ സ്ഥാനത്തു നിന്ന് സൗമിനിയെ നീക്കാന്‍ കോണ്‍ഗ്രസ് എ,ഐ ഗ്രൂപ്പുകള്‍ അണിയറനീക്കം ശക്തമാക്കിയതോടെ രാജിപ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന. ഇന്ന് തിരുവനന്തപുരത്തെത്താന്‍ സൗമിനിയോട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. രാജിവച്ചൊഴിയണമെന്ന കാര്യം മുല്ലപ്പള്ളി നേരിട്ട് സൗമിനിയോട് പറയുമെന്നാണ് സൂചന.

Read Also: സൗമിനി ജെയിന്‍റെ രാജി: തീരുമാനം വൈകിട്ടോടെ, ആരാകും അടുത്ത മേയര്‍?

പാര്‍ട്ടിയുടെ തീരുമാനം എന്തായാലും താന്‍ അത് അംഗീകരിക്കുമെന്ന് സൗമിനി ജെയിന്‍ വ്യക്തമാക്കിയിട്ടുണ്ട്. മേയര്‍ സ്ഥാനം ഒഴിയണോ എന്ന് തീരുമാനിക്കേണ്ടത് കെപിസിസി നേതൃത്വമാണ്. പാര്‍ട്ടി തീരുമാനം വന്നശേഷം പലതും പറയാനുണ്ടെന്നും സൗമിനി ഇന്ന് പ്രതികരിച്ചിരുന്നു. 

Read Also: പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് സൗമിനി ജെയിന്‍; മേയര്‍ക്ക് പിന്തുണയുമായി എന്‍എസ്എസ്