സിസിടിവി മറച്ച ശേഷം പട്ടിയ്ക്ക് ഭക്ഷണം നല്‍കി കൃഷിയിടത്തിലേക്ക് കയറിയ കള്ളന്‍ വില കുറഞ്ഞ ചെടികള്‍ പിഴുത് മാറ്റിക്കളയുകയും ചെയ്തു. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് വില കൂടിയ ചെടികള്‍ മോഷ്ടിച്ച വിരുതന്‍ സിസിടിവില്‍ (cctv) കുടുങ്ങി. നെയ്യാറ്റിന്‍കര അമരവിള സ്വദേശി വാസിനി ഭായിയുടെ 150 ല്‍ പരം ആന്തോറിയം ഇനത്തില്‍പ്പെട്ട ചെടികളാണ് മോഷ്ടിച്ചത്. സിസിടിവി മറച്ച ശേഷം പട്ടിയ്ക്ക് ഭക്ഷണം നല്‍കി കൃഷിയിടത്തിലേക്ക് കയറിയ കള്ളന്‍ വില കുറഞ്ഞ ചെടികള്‍ പിഴുത് മാറ്റിക്കളയുകയും ചെയ്തു. 

അമരവിള ചെക്ക് പോസ്റ്റിനടുത്താണ് വാസിനി ഭായിയും ജപമണിയും താമസിക്കുന്നത്. സ്വന്തമായി വികസിപ്പിച്ചതടക്കം വില കൂടിയ ചെടികള്‍ ഇവിടെ വളര്‍ത്തുന്നുണ്ട്. നാല്‍പ്പത് വര്‍ഷത്തിലേറെയായി കൃഷി ചെയ്യുന്നു. ലോക്ഡ‍ൗണ്‍ സമയത്ത് കൃഷി വികസിപ്പിച്ചു. വില കൂടിയ ഇനങ്ങള്‍ ധാരാളമുണ്ട്. ഒക്ടോബര്‍ 13 നാണ് മോഷണം നടന്നത്. പരാതി കൊടുത്തെങ്കിലും പൊലീസ് അനങ്ങിയില്ല. കഴിഞ്ഞ ദിവസവും മോഷണം പോയി. വലിയ നഷ്ടമാണ് ഉണ്ടായതെന്ന് ജപമണി പറയുന്നു. 

തന്ത്രപരമായിരുന്നു മോഷണം. ആദ്യം സിസിടിവി മറച്ച് പട്ടിക്ക് ഭക്ഷണം നല്‍കി. വില കുറ‍ഞ്ഞ ചെടികളെല്ലാം പിഴുതി മാറ്റിക്കളഞ്ഞു. പിന്നാലെ ആയിരവും ആയിരത്തഞ്ഞൂറും രൂപ വില വരുന്ന ചെടികള്‍ അപ്പാടെ എടുത്തുകൊണ്ടുപോയി. രാഷ്ട്രപതിയുടേതുള്‍പ്പെടെ അവാര്‍ഡ് കിട്ടിയ സ്വന്തം വികസിപ്പിച്ചെടുത്ത ഇനങ്ങളും കൊണ്ടുപോയവയില്‍ ഉള്‍പ്പെടുമെന്ന് വാസിനി ഭായി പറയുന്നു. പാറശ്ശാല പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സിസിടിവി പരിശോധിച്ച് പ്രതിയെ കണ്ടെത്താന്‍ ശ്രമം നടക്കുന്നതായി പാറശ്ശാല പൊലീസ് അറിയിച്ചു.