ഡിജിപിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

തിരുവനന്തപുരം: പാലക്കാട്ടെ കൊലപാതകങ്ങളുടെ (Palakkad murders)പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ജാഗ്രതാ മുൻകരുതലുകൾ കടുപ്പിക്കാൻ നിർദ്ദേശം. എല്ലാ ജില്ലയിലിലെയും പൊലീസ് മേധാവികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഡിജിപിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പാലക്കാട്ടെ കൊലപാതകങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ഉത്തര മേഖല ഐജി ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതി വിലയിരുത്തും. അക്രമ സംഭവങ്ങൾ തുടരാതിരിക്കാൻ എല്ലാ വിധ നടപടികളും സ്വീകരിക്കും. കൊലപാതകങ്ങൾ ആവ‍ത്തിക്കാതിരിക്കാൻ കരുതൽ അറസ്റ്റിലേക്ക് പോകാനാണ് ഡിജിപി നൽകിയ നി‍ദ്ദേശം. ഇന്നലെ പോപ്പുലർ ഫ്രണ്ട് നേതാവും 24 മണിക്കൂറിനുള്ളിൽ ഇന്ന് ആർഎസ്എസ് പ്രവർത്തകനും കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് മുൻകരുതലുകൾ കൂടുതൽ കടുപ്പിപ്പിക്കാൻ പൊലീസ് മേധാവി നിർദ്ദേശം നൽകിയത്.

പകരത്തിന് പകരം കൊലപാതകങ്ങൾ അരങ്ങേറിയ പശ്ചാത്തലത്തിൽ പൊലീസിനെ നേരെയും വിമർശനമുയർന്നിട്ടുണ്ട്. കാര്യമായ മുൻകരുതൽ പൊലീസ് കാണിച്ചില്ലെന്നാണ് വിമർശനം. രണ്ടാമത്തെ കൊലപാതകം കൂടിയുണ്ടായതോടെ പാലക്കാട്ട് ക്രമസമാധാനം ഉറപ്പിക്കാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചു. നിലവിലെ മൂന്ന് കമ്പനി പൊലീസ് സംഘത്തിന് പുറമെ മൂന്ന് കമ്പനി പൊലീസിനെ കൂടി പാലക്കാട്ടേക്ക് നിയോഗിച്ചു. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പാലക്കാട്ടേക്കെത്തും. ജില്ലയിൽ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കും.

പാലക്കാട് ആര്‍എസ്എസ് നേതാവിനെ കടയില്‍ കയറി വെട്ടിക്കൊന്നു; വെട്ടിയത് അഞ്ചംഗ സംഘം

24 മണിക്കൂറുകൾക്കിടെ രാഷ്ട്രീയത്തിന്റെ പേരിൽ രണ്ട് ജീവനുകളാണ് പാലക്കാട്ട് പൊലിഞ്ഞത്. ഇന്നലെ ഉച്ചയോടെയാണ് പോപ്പുലർ ഫ്രണ്ട് നേതാവായ സുബൈർ കൊല്ലപ്പെട്ടത്. പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ച രണ്ട് കാറുകളിലെന്ന് നേരത്തെ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പകരത്തിന് പകരം കൊലപാതകമാണ് അരങ്ങേറിയതെന്ന് ഇതോടെ ഉറപ്പായി. അക്രമികൾ സഞ്ചരിച്ച രണ്ട് കാറുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ പിന്നീട് കണ്ടെത്തിയെങ്കിലും പ്രതികളെ പിടിക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കാർ ഉപേക്ഷിച്ച് കൊലയാളിസംഘം തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സംശയിക്കുന്നത്. 

സുബൈറിന്റെ ശരീരത്തിൽ 50 ലേറെ വെട്ടുകൾ, കഴുത്തിലടക്കം ആഴത്തിൽ മുറിവ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊലപാതകങ്ങൾ ആവർത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസിന് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇന്ന് രണ്ടാമത്തെ കൊലപാതകവുമുണ്ടായി. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് (45) ഇന്ന് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് വെട്ടേറ്റിരുന്നു. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ശ്രീനിവാസനെ കടയുടെ ഉള്ളില്‍കയറിയാണ് മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം വെട്ടിയത്. 

സുബൈർ വധം: അന്വേഷണം എരട്ടക്കുളം വെട്ടുകേസ് പ്രതികളിലേക്ക്, 5 പേർ ജാമ്യത്തിലിറങ്ങിയത് കഴിഞ്ഞ മാസം

തുടർ കൊലപാതകങ്ങളുടെ ഭീതിയിൽ പാലക്കാട്; എഡിജിപി വിജയ് സാഖറെക്ക് അന്വേഷണ ചുമതല, കൂടുതൽ പൊലീസിനെ വിന്യസിക്കും