Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടിലെ കൊവിഡ് വ്യാപനം: ഇടുക്കി, കൊല്ലം, വയനാട് അതിർത്തികളിൽ പരിശോധന കർശനമാക്കി

തമിഴ്നാട്ടിൽ കൊവിഡ് പടരുന്ന സാഹചര്യം മുൻനിർത്തി ജില്ല അതിർത്തിയിലെ 28 വാർഡുകളിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ മെയ് മൂന്ന് വരെ നീട്ടിയിട്ടുണ്ട്. 

high alert on border districts due to  covid spread in tamil nadu
Author
Idukki, First Published Apr 22, 2020, 7:33 AM IST

ഇടുക്കി: തമിഴ്നാട്ടിൽ നിന്നെത്തിയവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇടുക്കിയിലെ അതിർത്തി മേഖലകളിൽ പൊലീസ് പരിശോധന കർശനമാക്കി. പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് വനപാതകളിലൂടെ ആളുകൾ എത്തുന്നുണ്ടോ എന്ന് ഡ്രോൺ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്. 

തമിഴ്നാട്ടിൽ കൊവിഡ് പടരുന്ന സാഹചര്യം മുൻനിർത്തി ജില്ല അതിർത്തിയിലെ 28 വാർഡുകളിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ മെയ് മൂന്ന് വരെ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട്ടിൽ നിന്നെത്തിയ 40 പേർ മൂന്നാറിലും വട്ടവടയിലുമായി നിരീക്ഷണത്തിലാണ്. പ്രത്യേകമായി തയ്യാറാക്കിയ കേന്ദ്രങ്ങളിലാണ് ഇവർ നിരീക്ഷണത്തിൽ കഴിയുന്നത്

കൊല്ലത്ത് കുളത്തൂപ്പുഴ , ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിൽ നിരോധനാജ്ഞ തുടരുകയാണ്. കുളത്തൂപ്പുഴ പഞ്ചായത്തിലെ കുമരംകരിക്കം സ്വദേശിയായ മുപ്പത്തി ഒന്നുകാരന് തമിഴ്‌നാട് പുളിയൻകുടിയിൽ നിന്ന് വന്ന ശേഷം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇയാൾ യാത്ര വിവരം മറച്ചുവച്ച് പ്രാദേശികമായി ഇടപഴകുകയും ചെയ്തു. ഇതോടെ ആണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കാൽനടയായും പച്ചക്കറി ലോറിയിലുമായാണ് ഇയാൾ അതിര്‍ത്തി കടന്നുപോയത്. അതുകൊണ്ട് തന്നെ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന വനപാതകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇയാൾക്കൊപ്പം വീട്ടിലുണ്ടായിരുന്ന ബന്ധുവിനെ പരിശോധിച്ചെങ്കിലും നെഗറ്റീവ് ആണ്. ഈ യുവാവ് ഉൾപ്പെടെ ആറ് പേരാണ് ജില്ലയിൽ ഇപ്പോൾ ചികിത്സയിൽ ഉള്ളത്

വയനാട്ടിൽ കർശന നിയന്ത്രണങ്ങൾ ഇന്നും തുടരും. . അയൽ സംസ്ഥാനങ്ങളിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ അതിർത്തിയിൽ പരിശോധന ശക്തമായി തുടരുകയാണ്. അവശ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങൾ മാത്രമാണ് കടത്തി വിടുന്നത്. 

വയനാട്ടിൽ നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഹാർഡ്‌വെയർ ഷോപ്പുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും, ചെരുപ്പുകടകൾ ചൊവ്വാഴ്ചയും, അടിവസ്ത്രങ്ങളും കുഞ്ഞുടുപ്പുകളും വിൽക്കുന്ന കടകൾ വ്യാഴാഴ്ചയും, റെക്സിൻ കടകൾ ശനിയാഴ്ചയും തുറക്കാൻ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ എല്ലായിടത്തും സാമൂഹിക അകലം ഉറപ്പാക്കണമെന്നും കർശന നിർദേശമുണ്ട്
 

Follow Us:
Download App:
  • android
  • ios