കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടറെ ഹൈക്കോടതി വിളിച്ചു വരുത്തി ശാസിച്ചു. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കളക്ടറെ ജയിലിൽ അടച്ച് കോടതിക്ക് മറ്റ് മാർഗങ്ങൾ തേടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. പള്ളി ഏറ്റെടുക്കണമെന്ന വിധി പുറപ്പെടുവിച്ച തന്നെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജസ്റ്റിസ് പി ബി സുരേഷ് കുമാർ പറഞ്ഞു. 

കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ സ്വീകരിച്ച നടപടി നേരിട്ടെത്തി വിശദീകരിക്കാൻ ജില്ലാ കളക്ടർ സുഹാസിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. വിധി നടപ്പാക്കാൻ കാലതാമസം ഉണ്ടാകുന്നതിനെതിരെ ഓർത്തഡോക്സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ കേസിൽ ആയിരുന്നു നിർദ്ദേശം. ഇന്ന് സിംഗിൾ ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ കളക്ടർ ഹാജരായിരുന്നില്ല. ഇതോടെയാണ് അഞ്ച് മിനിറ്റിനകം കളക്ടർ ഹാജരാകണമെന്നും ഹാജരായില്ലെങ്കിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കേണ്ടി വരുമെന്നും ജസ്റ്റിസ് പി ബി സുരേഷ് കുമാർ മുന്നറിയിപ്പ് നൽകി. കോടതി വിമര്‍ശനത്തിന് പിന്നാലെ  ജില്ലാ കളക്ടർ നേരിട്ടെത്തി.

തുടർന്ന് ഡയസിനടുത്തേക്ക് വിളിച്ച് കോടതിയുത്തരവിന്‍റെ ഗൗരവം അറിയില്ലേയെന്ന് ചോദിച്ചു. ഉത്തരവ് നടപ്പാക്കാൻ നിങ്ങൾ ബാധ്യസ്ഥനാണന്ന് വ്യക്തമാക്കിയ കോടതി, ഹര്‍ജിക്കാരനോടും തങ്ങൾക്ക് ബാധ്യത ഉണ്ടെന്നറിയിച്ചു. ഉദ്യോഗസ്ഥർ ഉത്തരവ് നടപ്പാക്കിയില്ലങ്കിൽ കളക്ടറെ ജയിലിൽ അടക്കുകയോ അല്ലെങ്കിൽ വിധി നടപ്പാക്കാൻ മറ്റ് മാർഗങ്ങൾ തേടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. പല പള്ളികളിൽ ഉത്തരവ് നടപ്പാക്കേണ്ടതിനാലാണ് കാലതാമസമുണ്ടാകുന്നതെന്നും രണ്ട് മാസത്തിനകം വിധി നടപ്പാക്കാമെന്നും സർക്കാർ അറിയിച്ചു.

എന്നാൽ, സാവകാശം അനുവദിക്കാനാവില്ലന്ന് വ്യക്തമാക്കി ജസ്റ്റിസ്  കോടതിയലക്ഷ്യ ഹര്‍ജി വിധി പറയാൻ മാറ്റി. ഇതിനിടെ കോതമംഗലം പള്ളിക്കേസിൽ സർക്കാരിന്‍റെ അപ്പീലിൽ സാങ്കേതിക പിഴവുകളുള്ളതിനാൽ  തിരുത്തി വീണ്ടും സമർപ്പിക്കാൻ  ഹൈക്കോടതി  നിർദേശം നൽകി. പ്രധാന ഉത്തരവിന് പകരം പുനഃപരിശോധനാ ഹർജി തള്ളിയ ഉത്തരവിന് എതിരെയാണ് സർക്കാർ അപ്പീൽ നൽകിയത് ഇത് നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. പുതുക്കിയ ഹർജി നാളെ പരിഗണിക്കും.