മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചെന്ന് ആരോപിച്ച് കാളികാവ് പൊലീസ് പിടിച്ചെടുത്ത സ്കൂട്ടർ ഉടമയ്ക്ക് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. നടപടിക്രമങ്ങൾ പാലിക്കാത്ത പൊലീസിനെ രൂക്ഷമായി വിമർശിച്ച കോടതി, വീരാൻകുട്ടിക്ക് നഷ്ടപരിഹാരം നൽകാനും വിധിച്ചു
മലപ്പുറം: മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിച്ചെന്ന് ആരോപിച്ച് സ്‌കൂട്ടർ പിടിച്ചെടുത്ത സംഭവത്തിൽ പൊലീസിനെ വിമർശിച്ച് ഹൈക്കോടതി. കാളികാവ് വെന്തോട ന്‍പടിയിലെ വെന്തോടന്‍ വിരാന്‍കുട്ടിയുടെ സ്‌കൂട്ടർ വിട്ടുനൽകാൻ കാളികാവ് പൊലീസിനോട് ആവശ്യപ്പെട്ടതിന് പുറമെ, വീരാൻകുട്ടിക്ക് നഷ്ടപരിഹാരം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. 2022 ഒക്ടോബര്‍ 17ന് പിടിച്ചെടുത്ത സ്‌കൂട്ടറുമായി ബന്ധപ്പെട്ട കേസിലാണ് വീരാൻകുട്ടിക്ക് അനുകൂലമായി ഹൈക്കോടതിയുടെ ഉത്തരവ്. പരാതിക്കാരൻ 'സുരക്ഷിതമായി സൂക്ഷിക്കാന്‍ ഏല്‍പിച്ചതാണ്' വാഹനം എന്നായിരുന്നു പൊലീസ് വാദം. എന്നാൽ വീരാൻകുട്ടി സമർപ്പിച്ച രസീതും മജിസ്ട്രേറ്റിൻ്റെ റിപ്പോർട്ടും പരിഗണിച്ച കോടതി നഷ്ടപരിഹാരം നൽകാൻ വിധിച്ചു.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്‌കൂട്ടര്‍ ഓടിച്ചെന്നാരോപിച്ചാണ് മൂന്ന് വർഷം മുൻപ് കാളികാവ് ഇന്‍സ്‌പെക്ടര്‍ വാഹനം തടഞ്ഞത്. സ്‌കൂട്ടര്‍ എത്രയും പെട്ടെന്ന് സ്റ്റേഷനില്‍ കൊണ്ടുപോയി ഇട്ടില്ലെങ്കില്‍ കേസെടുക്കുമെന്ന് ഇൻസ്പെക്ടർ ഭീഷണിപ്പെടുത്തിയെന്ന് വീരാന്‍കുട്ടി പരാതിപ്പെട്ടിരുന്നു. സ്റ്റേഷനിലെത്തിച്ച വാഹനം പിന്നീട് വിട്ടുനല്‍കിയില്ല. പിഴ കോടതിയില്‍ അടക്കാമെന്ന വാദവും പൊലീസ് അംഗീകരിച്ചില്ല. വാഹനം പിടിച്ചെടുത്തതായി കാണിച്ച് വീരാൻകുട്ടിക്ക് കാളികാവ് പൊലീസ് നൽകിയ രസീത് പക്ഷെ, പിന്നീട് പൊലീസിന് തന്നെ തലവേദനയാവുകയായിരുന്നു.
രസീതിൽ വാഹനം പിടിച്ചെടുത്തതിന് കാരണവും ഏത് വകുപ്പ് പ്രകാരമാണ് നടപടിയെന്നും വ്യക്തമാക്കിയിരുന്നില്ല. ഇതോടെ പരാതിക്കാരൻ രസീതുമായി ഹൈക്കോടതിയെ സമീപിച്ചു. വാഹനം പിടിച്ചെടുക്കാനുള്ള നടപടിക്രമം പൊലീസ് പാലിച്ചില്ല, സംഭവസ്ഥലത്ത് നിന്ന് വാഹനം പൊലീസ് പിടിച്ചെടുത്തില്ല തുടങ്ങിയ കാരണങ്ങൾ ഇദ്ദേഹം പരാതിയിൽ ആരോപിച്ചു. രേഖകളുടെ അഭാവം, മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് വാഹനം പിടിച്ചെടുക്കരുതെന്ന ഡി.ജി.പിയുടെ നിർദേശം നിലനിൽക്കെയാണ് പൊലീസ് ഇത്തരമൊരു നടപടിയെടുത്തതെന്നും വീരാൻകുട്ടി ആരോപിച്ചു.
വാദപ്രതിവാദത്തിനിടെ പൊലീസ് വീരാൻകുട്ടിക്കെതിരെ കേസെടുത്തില്ലെന്നത് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാര തുക നിര്‍ണയിക്കാന്‍ കൂടുതല്‍ തെളിവെടുപ്പുകളും വിചാരണയും ആവശ്യമായതിനാല്‍ പൊതു നിയമപ്രകാരം പരിഹാരം സ്വീകരിക്കാമെന്നും വ്യക്തമാക്കി.


