തിരക്ക് കുറഞ്ഞ സമയത്ത് മൂന്ന് ബസുകളും തിരക്കേറിയ സമയത്ത് 10 ബസുകളെങ്കിലും നിർബന്ധമായും പമ്പയിൽ ഉണ്ടാകണം.
കൊച്ചി: ശബരിമല ദർശനം കഴിഞ്ഞുവരുന്ന തീർഥാടകർക്ക് പമ്പയിൽ കെ എസ് ആര്‍ ടി സി ബസിൽ കയറാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി. പമ്പയിലെ കെ എസ് ആർ ടി സി ബുക്കിങ് ഓഫീസിന് സമീപം ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന് ദേവസ്വം ബെഞ്ച് നിർദേശിച്ചു. പമ്പയിൽ തിരക്ക് കുറഞ്ഞ സമയത്ത് മൂന്ന് ബസുകളും തിരക്കേറിയ സമയത്ത് 10 ബസുകളെങ്കിലും നിർബന്ധമായും ഉണ്ടാകണമെന്നും കോടതി നിർദേശിച്ചു. കെ എസ് ആർ ടി സി ബുക്കിങ് ഓഫീസിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചിരുന്നു. നിലക്കലിലെ പാർക്കിങ് സൗകര്യം വർധിപ്പിക്കാനുള്ള നടപടികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കാനും കരാറുകാരന് കോടതി നിർദേശം നൽകി.
ശബരിമലയിൽ വന്‍ തീർഥാടക പ്രവാഹം തുടരുകയാണ്. ഇന്ന് ഇതുവരെ എൺപതിനായിരത്തിലേറെ പേർ ദർശനം നടത്തി. തിരക്ക് കൂടിയതോടെ പമ്പ മുതൽ തീർത്ഥാടകരെ നിയന്ത്രിച്ചാണ് മുകളിലേക്ക് കടത്തിവിടുന്നത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള പ്രത്യേക ക്യൂ പ്രായമായവർക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ആശ്വാസമായി. 1,04,478 പേരായിരുന്നു ഇന്ന് ദർശനത്തിനായി രജിസ്റ്റർ ചെയ്തിരുന്നത്. നിയന്ത്രണങ്ങൾ പ്രഖ്യാപിക്കും മുമ്പേ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരാണ് ഇവരെല്ലാം. വെർച്വൽ ക്യൂ സംവിധാനത്തിൽ ഈ സീസണിലെ റെക്കോർഡ് രജിസ്ട്രേഷനാണിത്.
ഇന്നലെ മുതൽ കുട്ടികൾക്കും വയോധികർക്കും ഭിന്നശേഷിക്കാർക്കുമായി നടപ്പന്തലിൽ പ്രത്യേക ക്യൂ ഒരുക്കിയിരുന്നു. നടപ്പന്തലിന്‍റെ തുടക്കം മുതൽ പതിനെട്ടാംപടി വരെയാണ് ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള പ്രത്യേക സംവിധാനം. ക്രിസ്മസ് അവധിയുൾപ്പടെ വരുന്ന സാഹചര്യത്തിൽ മണ്ഡലപൂജയ്ക്ക് അടുപ്പിച്ച് വരും ദിവസങ്ങളില്‍ തിരക്ക് വർധിക്കുമെന്നാണ് വിലയിരുത്തൽ.
