Asianet News MalayalamAsianet News Malayalam

സമീപകാലത്തെ എല്ലാ പിഎസ്‍സി നിയമനങ്ങളും അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

എങ്കിലേ പിഎസ്‍സി എന്ന സ്ഥാപനത്തിന്‍റെ വിശ്വാസ്യത വീണ്ടെടുക്കാനാകൂ എന്നും ഹൈക്കോടതി. കേസിൽ നിഷ്പക്ഷവും ഫലപ്രദവുമായ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും ഹൈക്കോടതി. 

high court instructs government to enquiry to all psc appointments made in recent times
Author
Kochi, First Published Aug 30, 2019, 12:32 PM IST

കൊച്ചി: സമീപകാലത്ത് പിഎസ്‍സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കാൻ സംസ്ഥാനസർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് കേസിൽ നാലാം പ്രതിയായ സഫീർ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർദേശം. സമീപകാലത്തുണ്ടായ സംഭവങ്ങൾ പിഎസ്‍സി എന്ന സ്ഥാപനത്തിന്‍റെ വിശ്വാസ്യത തകർക്കുന്നതാണെന്നും, ഇങ്ങനെ മാത്രമേ നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കാനാകൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസിൽ നിഷ്പക്ഷവും ഫലപ്രദവുമായ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

‍കേസിൽ നാലാം പ്രതി സഫീറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സഫീറടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ എല്ലാ പ്രതികളും അടുത്ത പത്ത് ദിവസത്തിനകം കീഴടങ്ങണമെന്നും കോടതി പറഞ്ഞു. 

നിലവിലെ അവസ്ഥ തീർത്തും നിരാശാ ജനകമാണെന്ന് കോടതി നിരീക്ഷിക്കുന്നു. തട്ടിപ്പ് നടത്തി അനർഹർ പട്ടികയിൽ നുഴഞ്ഞു കയറുന്നത് തടയണം. പരീക്ഷാ ക്രമക്കേടിൽ വിപുലമായ അന്വേഷണം വേണം. ഇതിനായി സ്വതന്ത്രമായ, നിഷ്പക്ഷമായ അന്വേഷണം നടത്തുന്ന ഒരു ഏജൻസിയും വേണം - കോടതി ഉത്തരവിൽ വ്യക്തമാക്കി. 

കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യത്തെ സർക്കാരും കോടതിയിൽ ശക്തമായി എതിർത്തു. 96 മെസ്സേജുകളാണ് പരീക്ഷാ ദിവസം കൈമാറപ്പെട്ടതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഉത്തരങ്ങളായിരുന്നു ഈ മെസ്സേജുകളെല്ലാം. രഹസ്യമായാണ് മെസ്സേജുകൾ കൈമാറാനുള്ള മൊബൈലും സ്മാർട്ട് വാച്ചുകളും പരീക്ഷാ ഹാളിൽ കടത്തിയത്. പ്രതികൾക്ക് എങ്ങനെ ചോദ്യപ്പേപ്പർ ചോർന്നുകിട്ടി എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ വാദിച്ചു. 

'തട്ടിപ്പ് സ്മാർട്ട് വാച്ച് വഴി'

ഇതിനിടെ, പിഎസ്‍സി പരീക്ഷാഹാളിൽ സ്മാർട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവര‍ജ്ഞിത്തും നസീമും ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്നും ഇരുവരും ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു.

യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിൽ ജയിലിൽ കഴിയുന്ന ശിവഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയിൽ വാങ്ങി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോഴാണ് നിർണായക വിവരങ്ങള്‍ പുറത്തുവന്നത്. ജയിലിൽ വച്ചുള്ള ചോദ്യം ചെയ്യലിൽ കോപ്പിയടി സമ്മതിച്ച പ്രതികള്‍, പക്ഷേ, എങ്ങനെയാണ് ആസൂത്രണം നടത്തിയതെന്ന് വ്യക്തമാക്കിയിരുന്നില്ല. 

സ്മാ‍ർട്ട് വാച്ചുകളിലേക്ക് ഉത്തരങ്ങള്‍ പരീക്ഷ തുടങ്ങിയ ശേഷം എസ്എംഎസ്സുകളായി വന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ഇരുവരും സമ്മതിച്ചത്. കോപ്പിയടിക്കുവേണ്ടി ഓണ്‍ ലൈൻ വഴി വാച്ചുകള്‍ വാങ്ങിയെന്നാണ് സംശയിക്കുന്നത്. പൊലീസ് കോണ്‍സ്റ്റബിള്‍ പട്ടികയിൽ ഇടംനേടിയ പ്രണവിന്‍റെ സുഹൃത്തുക്കളാണ് കോപ്പയടിക്കാൻ സഹായിച്ച പൊലീസുകാരൻ ഗോകുലും സഫീറുമെന്നും ശിവര‍ഞ്ജിത്തും നസീമും പറ‌ഞ്ഞു. 

പക്ഷെ, ഉത്തരങ്ങള്‍ സന്ദേശമായി അയച്ചവരുടെ കൈകളിൽ പിഎസ്‍സി ചോദ്യപേപ്പർ എങ്ങനെ കിട്ടയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർ ആവർത്തിച്ചു ചോദിച്ചുവെങ്കിലും പ്രതികള്‍ വിരുദ്ധമായ മറുപടികളാണ് നൽകിയത്. പിടികൂടാനുള്ള പ്രതികളുടെ മേൽ ചോദ്യപേപ്പർ ചോർച്ച കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമാണ് നടത്തുന്നത്. കേസിലെ അഞ്ചു പ്രതികളിൽ പ്രണവ്, ഗോകുല്‍, സഫീർ എന്നിവരെ പൊലീസിന് പിടികൂടാനായിട്ടില്ല. 

പരീക്ഷ തുടങ്ങിയ ശേഷം യൂണിവേഴ്സിറ്റി കോളജിൽ നിന്നും ചോർന്നുകിട്ടിയ ഉത്തകടലാസ് നോക്കി ഗോകുലും സഫീറും ചേർന്ന് ഉത്തരങ്ങള്‍ മറ്റ് മൂന്നു പേർക്കും എസ്എംഎസ് വഴി നൽകിയെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പരീക്ഷാ ഹാളിൽ സ്മാർട്ട് വാച്ച് ഉപയോഗിക്കാനുള്ള സഹായം പ്രതികള്‍ക്ക് ലഭിച്ചുവെന്ന സംശയവും ബലപ്പെടുന്നുണ്ട്.

Follow Us:
Download App:
  • android
  • ios