'പമ്പയിലും നിലക്കലിലും ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം'; ഹൈക്കോടതി നിർദ്ദേശം
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ബസുകളിൽ കയറാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി

കൊച്ചി : നിലക്കലിലും പമ്പയാലും കെഎസ്ആർടിസി ബസിൽ കയറാനുള്ള തീർഥാടകരുടെ തിരക്ക് കൂടിയതോടെ നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവ്. പമ്പയിലും നിലക്കലിലും ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി നിർദ്ദേശം നൽകി. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ബസുകളിൽ കയറാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണം. ഇവരെ ബസ്സിന്റെ മുൻ വാതിലിലൂടെ ആദ്യം കയറാൻ അനുവദിക്കണം. അതിനുശേഷം മാത്രമേ മറ്റ് യാത്രക്കാരെ പിൻവാതിൽ വഴി കയറ്റാവൂ. നടപടികൾ ഇന്നുതന്നെ സ്വീകരിച്ച് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ആവശ്യത്തിന് കെ എസ് ആർ ടി സി ബസുകളില്ലെന്ന് ഹൈക്കോടതിയെ തീർഥാടകൻ കത്തിലൂടെ അറിയിക്കുകയായിരുന്നു. ഇക്കാര്യത്തിൽ വൈകിട്ട് നാലുമണിക്കകം മറുപടി നൽകാൻ പത്തനംതിട്ട ജില്ലാ കലക്ടർക്കും എസ്പിക്കും ദേവസ്വം ബെഞ്ച് നിർദേശം നൽകുകയായിരുന്നു. തീർഥാടകന്റെ പരാതി വൈകിട്ട് 4ന് കോടതി പരിഗണിക്കവെയാണ് നിർദ്ദേശം.
Read More : നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ആവശത്തിന് കെഎസ്ആർടിസി ബസുകളില്ല; ഹൈക്കോടതിയെ കത്തിലൂടെ അറിയിച്ച് തീർഥാടകൻ