കൊച്ചി: പൊലീസ് പോസ്റ്റൽ ബാലറ്റ് ക്രമക്കേട് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അസോസിയേഷൻ നേതാക്കൾ പോസ്റ്റൽ ബാലറ്റ് കൈവശപ്പെടുത്തി വോട്ട് രേഖപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം.

പരാതിയിൽ ക്രൈംബ്രാ‌ഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ അന്വേഷണം തുടരട്ടെയെന്നാണ് ഹൈക്കോടതിയുടെ നിലപാട്. വോട്ട് രേഖപ്പെടുത്തിയത് താനാണെന്ന് തെളിയിക്കാൻ വോട്ടർ നൽകുന്ന സത്യവാങ്മൂലമായ ഫോറം 13 എ രഹസ്യ സ്വഭാവമുള്ളതിനാൽ ഇത് കൈമാറാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. ഇവ ഒഴികെ മറ്റെല്ലാ രേഖകളും കൈമാറാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കോടതി പിന്നീട് തീരുമാനമെടുക്കും.