Asianet News MalayalamAsianet News Malayalam

'ഓരോ പരാതിയിലും പ്രത്യേകം കേസ്'; പോപ്പുലർ ഫിനാൻസ് കേസില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ്

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹ‍ർജികൾ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സിബിഐക്ക് കൈമാറാനുളള തീരുമാനത്തിലെ തുടർ നടപടികൾ വേഗത്തിലാക്കണമെന്നും കോടതി അറിയിച്ചു. 

High court order on popular finance cheating case
Author
Kochi, First Published Sep 16, 2020, 11:10 AM IST

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഓരോ പരാതിയിലും പ്രത്യേകം കേസെടുക്കണമെന്ന് ഹൈക്കോടതി. ഒരൊറ്റ എഫ്ഐആർ മതിയെന്ന ഡിജിപിയുടെ സർക്കലുർ സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണത്തിനുളള നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാരിനോടും നിർദേശിച്ചു. പോപ്പുല‍ർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സ്വകാര്യ ഹ‍ർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. അന്വേഷണം സിബിഐ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ചതായി സംസ്ഥാന സർക്കാ‍ർ അറിയിച്ചിരുന്നു.

കേന്ദ്ര സർക്കാർ കേസ് ഏറ്റെടുക്കുന്നെങ്കില്‍ അത് വേഗത്തിൽ വേണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലുണ്ട്. ഓരോ പരാതിയിലും പ്രത്യേകം എഫ്ഐആർ വേണം. എല്ലാ പരാതികൾക്കുമായി ഒരൊറ്റ എഫ്ഐആർ മതിയെന്ന കഴിഞ്ഞ മാസം 28ലെ ഡിജിപിയുടെ സർക്കുലറും സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തു. സ്ഥാപനത്തിന്‍റെ എല്ലാ ബ്രാഞ്ചുകളും അടച്ചുപൂട്ടാൻ നിർദേശിച്ച കോടതി ശേഷിക്കുന്ന പണവും സ്വർണവും സർക്കാർ നിയന്ത്രണത്തിലാക്കാനും നിർദേശിച്ചു. അതത് ജില്ലാ കളക്ടര്‍മാര്‍ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കണം. തട്ടിപ്പിന് പിന്നിൽ വലിയ ഗൂഡാലോചന ഉണ്ടെന്നും വിവിധ രാജ്യങ്ങളിലേക്ക് പണവും സ്വത്തുക്കളും കടത്തിയതായും സർക്കാർ അറിയിച്ചിരുന്നു.

കേന്ദ്ര സർക്കാ‍ർ കേസ് ഏറ്റെടുക്കാൻ തയാറായാൽ സിബിഐ ഡയറക്ടറോട് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ ആവശ്യപ്പെടണമെന്നും സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്ത് പരിചയമുളള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണമെന്നും സിബിഐ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വീണ്ടും പരിഗണിക്കുന്നതിനായി അടുത്തമാസം എട്ടിലേക്ക് മാറ്റി. 

 

Follow Us:
Download App:
  • android
  • ios