രാത്രി 8 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് 29 വരെ നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. ബദൽ മാർഗങ്ങൾ പരിശോധിക്കാമെന്നും കോടതി നിർദ്ദേശിച്ചു.  

കൊച്ചി : ഇടുക്കിയിലെ ആക്രമണകാരിയായ അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള 'ഓപ്പറേഷൻ അരിക്കൊമ്പൻ' ദൌത്യം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. രാത്രി 8 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് മാർച്ച് 29 വരെ ദൌത്യം നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. ആനയെ പിടികൂടുകയെന്നത് അവസാന നടപടിയെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ബദൽ മാർഗങ്ങൾ പരിശോധിക്കണമെന്നും നിർദ്ദേശിച്ചു. കോളർ ഘടിപ്പിക്കുക, ആനയെ ട്രാക്ക് ചെയ്യുക തുടങ്ങി മാർഗങ്ങളുണ്ട്. ഇതൊന്നും ചെയ്യാതെ നടപടികൾ പൂർത്തിയാക്കും മുമ്പ് ആനയെ പിടികൂടുകയെന്നതിലേക്ക് എങ്ങനെയാണ് കടന്നതെന്നും കോടതി ആരാഞ്ഞു. പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന ഫയല്‍ ചെയ്ത പൊതു താല്‍പര്യ ഹരജിയിലാണ് കോടതി ഉത്തരവിട്ടത്. 29 ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. 

ശനിയാഴ്ച ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 71 അംഗ ദൗത്യസംഘം 11 ടീമുകളായി തിരിഞ്ഞ് ദൗത്യം നടപ്പാക്കാനായിരുന്നു നേരത്തെയുണ്ടായ തീരുമാനം. ഹൈക്കോടതി ഉത്തരവിന്റെ സാഹചര്യത്തിൽ വനംമന്ത്രി എകെ ശശീന്ദ്രന്‍ ഉന്നതതല യോഗം വിളിച്ചു. നാളെ ഉച്ചയ്ക്ക് ശേഷം 2.00 മണിയ്ക്ക് കോട്ടയം വനം സി. സി. എഫ് ഓഫീസിലാണ് യോഗം. ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം ചിന്ന കനാല്‍ കോളനി പ്രദേശങ്ങളില്‍ ജനങ്ങൾക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ കൂടുതല്‍ സേനയെ നിയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു. കാര്യങ്ങള്‍ കോടതിയെ ധരിപ്പിച്ചതായും തുടര്‍ നടപടികള്‍ നാളത്തെ യോഗത്തിലുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. 

YouTube video player