കൊച്ചി: പിറവം പള്ളി കേസിൽ കർശന നിലപാടെടുത്ത് ഹൈക്കോടതി. പള്ളിക്കുള്ളിൽ തമ്പടിച്ചിരിക്കുന്ന മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്ത് നീക്കാൻ കോടതി ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കി ഉച്ചയ്ക്ക് 1.45ന് റിപ്പോർട്ട്‌ നൽകാനും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് എഎം ഷഫീഖ്, എൻ അനിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെതാണ് ഉത്തരവ്. യാക്കോബായ വിശ്വാസികളക്കമുള്ളവരാണ് പള്ളിക്കുള്ളിൽ നിലയുറച്ചിരിക്കുന്നത്.

പള്ളിയുടെ ഗേറ്റ് പൂട്ടാൻ യാക്കോബായ പക്ഷത്തിന് എന്തധികാരമെന്ന് കോടതി ചോദിച്ചു. വിശ്വാസികളെ തടയാൻ ‌‌നിങ്ങൾക്ക് ആരാണ് അധികാരം നൽകിയത്? ആരേയും തടയാൻ നിങ്ങൾക്ക് അധികാരമില്ല. യാക്കോബായ വിഭാ​​ഗക്കാരുടെ മറുപടിയല്ലാ വേണ്ടത്. വിധി നടപ്പിലാക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. വിധി നടപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടന്ന് ആരോപിച്ച് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജി പരി​ഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ പരാമർശം.

Read More: പിറവം പള്ളിയിൽ സംഘർഷം: ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ നേർക്കുനേർ

ഇതിനിടെ പൊലീസ് ഉത്തരവ് നടപ്പാക്കുന്നില്ലന്നും പൊലീസ് യാക്കോബായ വിഭാ​ഗക്കാരെ സഹായിക്കുകയാണോ എന്ന് സംശയിക്കുന്നതായും ഓർത്തഡോക്സ് വിഭാ​ഗം കോടതിയിൽ പറഞ്ഞു. പൊലീസ് നിശബ്ദ കാഴ്ചക്കാരാണന്നും ഓർത്തഡോക്സ് പക്ഷം ആരോപിച്ചു. സുപ്രീംകോടതി വിധി പ്രകാരം ഇന്നലെതന്നെ പള്ളിയിൽ കയറുന്നുതിന് പിറവം സെന്റ് മേരീസ് പള്ളിയിൽ എത്തിയിരുന്നു. എന്നാൽ ഓർത്തഡോക്സ് വിഭാ​ഗക്കാരെ പള്ളിയിൽ പ്രവേശിപ്പിച്ചില്ല. ഓർത്തഡോക്സ് വിഭാ​ഗക്കാർക്ക് പള്ളിയിൽ പ്രവേശിക്കുന്നതിനുള്ള സാഹചര്യം സർക്കാർ ഒരുക്കുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. അതേസമയം, പൊലീസ് യക്കോബായ വിഭാഗവുമായി ചർച്ച നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. 

Read More;പിറവം പള്ളി തർക്കം; പള്ളിക്കകത്തും പുറത്തും നിലയുറച്ച് ഇരുവിഭാഗങ്ങള്‍, കനത്ത പൊലീസ് സുരക്ഷ

ഓർത്തഡോക്സ് വിഭാഗത്തിന് പള്ളി വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ സഭ. എന്നാൽ, സുപ്രീംകോടതി വിധി നടപ്പിലാക്കി പള്ളിയിൽ പ്രാർത്ഥ നടത്തിയല്ലാതെ പോകില്ലെന്ന നിലപാടിലാണ് ഓർത്തഡോക്സ് വിഭാ​ഗം. ഇന്നലെ പള്ളിക്കകത്ത് കയറി യാക്കോബായ വി​ഭാ​ഗത്തെ പുറത്തിറക്കാനുള്ള പൊലീസിന്റെ ശ്രമം പ്രതിഷേധങ്ങൾക്കൊടുവിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ, ഹൈക്കോടതി വിധി വന്നതോടെ പൊലീസിന്റെ അടുത്ത നീക്കങ്ങളാണ് ഏവരും ഉറ്റുനോക്കുന്നത്. പള്ളി പരിസരത്തെ സഘർഷാവസ്ഥ കണക്കിലെടുത്ത് ഇന്നലെ പള്ളിപരിസരത്ത് ജില്ലാ കളക്ടർ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. തുടർന്ന് വൈദികരുൾപ്പടെ 67 യാക്കോബായ വിഭാഗക്കാർക്കെതിരെ പള്ളിയിൽ കയറുന്നതിന് പൊലീസ് വിലക്കേ‍ർപ്പെടുത്തി.

തർക്കമുള്ള പള്ളികൾ ഓർത്തഡോക്സ് വിശ്വാസമനുസരിച്ച് മുന്നോട്ട് പോകണമെന്ന സുപ്രീംകോടതി വിധിയുണ്ടാക്കിയ മാറ്റങ്ങളാണ് പിറവം പള്ളിയിൽ കാണാനാകുന്നത്. പിറവം പള്ളിയിൽ ഓർത്തഡോക്സ് വിശ്വാസികളെ പ്രവേശിപ്പിക്കണമെന്ന് ഉത്തരവ് നടപ്പിലാക്കിയില്ലെന്ന് കാണിച്ച് സുപീം കോടതി ജസ്റ്റിസ് അരുൺമിശ്ര സർക്കാറിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഈ സാ​ഹചര്യത്തിൽ ഉടൻ തന്നെ ഉത്തരവ് നടപ്പിലാക്കാനാകും സർക്കാർ ശ്രമിക്കുക.