കൊച്ചി: പ്ലാസ്റ്റിക് പിടിച്ചെടുത്ത് നശിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. നിരോധനത്തിന് മുമ്പ് നിർമ്മിച്ച പ്ലാസ്റ്റിക് നശിപ്പിക്കുന്നതിന് സർക്കാർ പദ്ധതി തയ്യാറാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി വേണം പരിശോധന നടത്താന്‍ എന്നാണ് കോടതിയുടെ നിർദ്ദേശം. ക്യാരിബാഗ് നിർമാതാക്കൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

ജനുവരി ഒന്ന് മുതലാണ് സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം നിലവിൽ വന്നത്. ജനുവരി 15 മുതൽ പിഴ ഈടാക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പരിശോധന നടത്തുന്നത് അടക്കമുളള കാര്യങ്ങളിൽ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് സർക്കാർ നിശ്ചയിച്ച പിഴ. ഉപഭോക്താക്കളെ ഒഴിവാക്കി ഉത്പാദകരിൽ നിന്നും വിൽപ്പനക്കാരിൽ നിന്നും പിഴ ഈടാക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ വ്യാപാരികളിൽ നിന്നും ആദ്യഘട്ടത്തിലേ എതിർപ്പുയർന്നിരുന്നു.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവർ, പ്ലേറ്റ്, സ്ട്രോ, അലങ്കാര വസ്തുക്കൾ, പ്ലാസ്റ്റിക് ആവരണമുളള പേപ്പർ ഗ്ലാസ് എന്നിവയ്ക്കാണ് നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബ്രാൻഡഡ് വസ്തുക്കളുടെ കവറുകൾ, അരലിറ്ററിന് മുകളിലുളള കുടിവെളള കുപ്പികൾ, മത്സ്യം ഇറച്ചി ധാന്യങ്ങൾ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് കവറുകൾ എന്നിവയ്ക്കെല്ലാം പിന്നീട് ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്.