മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് നടപടി ഹൈക്കോടതി റദ്ദാക്കി. ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കാനാണ് കോടതി ഉത്തരവ്.

കൊച്ചി: മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട നടപടിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അഡിമിനിസ്ട്രിറ്റീവ് ഭരണം മാറ്റി, പഴയ ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കാനും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഭരണസമിതിയംഗങ്ങൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി നിർദ്ദേശം.

തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ, പുറത്താക്കിയത് നടപടിക്രമങ്ങൾ പാലിക്കാതെ എന്നാണ് കോടതി ഉത്തരവിലുള്ളത്. നോട്ടീസ് നൽകുകയോ ഹിയറിംഗ് നടത്തുകയോ ചെയ്തില്ലെന്ന കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഭരണസമിതിയംഗങ്ങളെ കേട്ട് നടപടിക്രമങ്ങൾ പാലിച്ച് സർക്കാരിന് പുതിയ ഉത്തരവിറക്കാമെന്നും കോടതി വിധിയിൽ പറയുന്നു. ശബരിമലയ്ക്ക് നൽകിയ നെയ്യിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് ഭരിക്കുന്ന മിൽമ തിരുവനന്തപുരം യൂണിയനെ സംസ്ഥാന സർക്കാർ പിരിച്ചുവിട്ടത്. നേരത്തെ സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ ഭരണസംതിയംഗങ്ങൾ നൽകിയ അപ്പീലിലാണ് സർക്കാരിന് തിരിച്ചടി.

ശബരിമലയിലേക്കുള്ള നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ 2026 ജൂലൈ 25നാണ് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ്റെ ഭരണസമിതിയെ പിരിച്ചുവിട്ടത്. കേരള സഹകരണ സംഘം നിയമത്തിലെ 32-ാം വകുപ്പ് പ്രകാരമായിരുന്നു നടപടി. എൽഡിഎഫ് ഭരണസമിതിക്ക് കീഴിലായിരുന്നു തിരുവനന്തപുരം മേഖല യൂണിയൻ പ്രവർത്തിച്ചിരുന്നത്. മിൽമ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ നിൽക്കെയായിരുന്നു സർക്കാരിന്റെ നടപടി.

YouTube video player