കേസ് അന്വേഷണം തിരക്കിട്ട് അവസാനിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അന്തിമ റിപ്പോർട്ട് റദ്ദാക്കിയത്.

തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളേജ് (Karakonam Medical College) സാമ്പത്തിക ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ചിന്‍റെ അന്തിമറിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി. ഉന്നതർ ഉൾപ്പെട്ട കേസിൽ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് അപൂർണ്ണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തള്ളിയത്. വിശദമായി അന്വേഷണം നടത്തി ആറ് മാസത്തിനകം അന്തിമ റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചു.

കോളേജ് ഡയറക്ടർ ഡോ. ബെന്നറ്റ് എബ്രഹാം, സിഎസ്ഐ സഭ മോഡറേറ്റർ ബിഷപ്പ് ധർമ്മരാജ് റസാലം തുടങ്ങി കേസിൽ ഉൾപ്പെട്ട വമ്പന്‍മാര്‍ക്ക് ക്ലീൻ ചീറ്റ് നൽകിയ റിപ്പോ‍ർട്ടാണ് ഹൈക്കോടതി തള്ളിയത്. പണം കൈപ്പറ്റി വഞ്ചിക്കൽ തുടങ്ങി അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പടെ ചുമത്തിയായിരുന്നു കേസ്. എന്നാൽ കേസ് അന്വേഷണം തിരക്കിട്ട് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയപ്പോൾ പലതും അവ്യക്തമായി തുടരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടികൾ വകമാറ്റി ചിലവഴിച്ച കേസിൽ യഥാർത്ഥ പ്രതികളെ വ്യക്തമാക്കാതെ അപൂർണ്ണമാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് എന്നാണ് കോടതി ഉത്തരവിൽ പറയുന്നത്.

മെഡിക്കൽ സീറ്റിനായി കോടികൾ തലവരി പണം വാങ്ങി അഡ്മിഷൻ നൽകിയില്ലെന്നാണ് പരാതി. സാമ്പത്തിക ക്രമക്കേടിൽ തെളിവില്ല എന്ന ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി വിശദമായ അന്വേഷണം നടത്തി ആറുമാസത്തിനകം അന്തിമ റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ സമയം നീട്ടി നൽകാൻ ക്രൈംബ്രാഞ്ചിന് കോടതിയെ സമീപിക്കാമെന്നും ഉത്തരവിലുണ്ട്.

കോളജിൽ എംഡി, എംബിബിഎസ് സീറ്റുകള്‍ വാഗ്ദാനം ചെയ്ത് 92.5 ലക്ഷം രൂപ വാങ്ങി പ്രവേശനം നൽകിയില്ലെന്ന പരാതിയില്‍ കോടതി നിർദേശ പ്രകാരം വെള്ളറട, നെയ്യാറ്റിൻകര, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.14 മലയാളികൾ ഉൾപ്പടെ 24 പേരായിരുന്നു പരാതിക്കാർ. പിന്നീട് വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.