ക്ലാസിനിടെ ഉറക്കംതൂങ്ങിയ വിദ്യാർത്ഥിനിയെ ഉണർത്താൻ കൈവെള്ളയിൽ അടിച്ച അധ്യാപകനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് നടന്ന സംഭവത്തിൽ അധ്യാപകന് ദുരുദ്ദേശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനായ രാജ വാരിയർക്കെതിരായ കേസാണ് ഒഴിവാക്കിയത്.
കൊച്ചി: ക്ലാസിനിടെ ഉറക്കംതൂങ്ങിയ വിദ്യാർത്ഥിനിയെ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിക്കുന്നതിനായി കൈവെള്ളയിൽ അടിച്ച അധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സ്ത്രീത്വത്തെ അപമാനിച്ചെന്നടക്കം ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പരാതിയിൽ അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിസിറ്റിങ് ഫാക്കൽറ്റിയും തിരുവനന്തപുരം സ്വദേശിയുമായ രാജ വാരിയർക്കെതിരായ കേസാണ് റദ്ദാക്കിയത്. അധ്യാപകൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റെ ഉത്തരവ്.
സംഭവം മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിലാണ് നടന്നതെന്നും അതിനാൽ അധ്യാപകന് ദുരുദ്ദേശ്യമുണ്ടായിരുന്നുവെന്ന് കരുതാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഉറക്കം തൂങ്ങിയ വിദ്യാർത്ഥിനിയുടെ ശ്രദ്ധ ക്ലാസിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് അധ്യാപകൻ ശ്രമിച്ചതെന്നും കോടതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ എഫ്ഐആറും തൃശ്ശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികളും ഹൈക്കോടതി റദ്ദാക്കി. 2021 നവംബറിലായിരുന്നു സംഭവം. തൃശ്ശൂർ വെസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ വകുപ്പ് മേധാവിയെ കോടതി നേരത്തേ ഒഴിവാക്കിയിരുന്നു. പരാതിപ്പെടാൻ ഫോൺ വിളിച്ചപ്പോൾ വിദ്യാർത്ഥിനിയെ അധിക്ഷേപിച്ചെന്നായിരുന്നു വകുപ്പ് മേധാവിക്കെതിരായ ആരോപണം.


