കൊച്ചി: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ പൊലീസ് അന്വേഷണം പക്ഷപാതപരമാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. കേസില്‍ ഒന്നാം പ്രതിയായ എസ്ഐ സാബുവിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. 

റിമാൻഡ് ചെയ്യും മുമ്പ് 
രാജ്‌കുമാറിനെ കൃത്യമായ വൈദ്യപരിശോധനക്ക് വിധേയനാക്കിയിരുന്നില്ലെന്ന് കോടതി പറഞ്ഞു. രാജ്‌കുമാറിന്റെ പരുക്കുകൾ  സംബന്ധിച്ച് ജയിൽ അധികൃതർ റിപ്പോർട്ട്‌ നൽകാത്തത് വീഴ്ചയാണ്. എത്ര സാക്ഷികളെ കൊണ്ടുവന്നാലും സാഹചര്യ ത്തെളിവുകള്‍ മാറ്റാന്‍ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും പരിഗണിക്കും.

രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് ഇടുക്കി എസ്പി ഉള്‍പ്പടെയുള്ള മേൽ ഉദ്യോഗസ്ഥരുടെ അറിവോടെയായിരുന്നെന്നും കസ്റ്റഡിയിൽ നിന്ന് ജയിലിൽ എത്തിക്കുന്നത് വരെ രാജ്കുമാറിന് പരുക്കുണ്ടായിട്ടില്ലെന്നുമാണ് കേസിലെ ഒന്നാം പ്രതിയായ സാബു ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നത്. നിലവിൽ ദേവികുളം സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് സാബു. കേസില്‍ ആകെ ഏഴ് പേരാണ്  അറസ്റ്റിലായിരിക്കുന്നത്. 

പൊലീസ് കസ്റ്റഡിയിൽ രാജ്കുമാറിന് നേരിടേണ്ടിവന്നത് അതിക്രൂരമായ പീഡനമായിരുന്നെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സർക്കാർ കോടതിയെ അറിയിച്ചിരുന്നു. രാജ്കുമാറിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ നടക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസിൽ രാജ്കുമാറിന്‍റെ പോസ്മോർട്ടം റിപ്പോർട്ട്, മെഡിക്കൽ രേഖകൾ അടക്കം എല്ലാ രേഖകളും ഇന്ന് ഹാജരാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.