Asianet News MalayalamAsianet News Malayalam

ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവിന് രണ്ട് മാസത്തേക്ക് സ്റ്റേ, അവ്യക്തമെന്ന് ഹൈക്കോടതി

എല്ലാവരുടെയും പിന്തുണ സർക്കാരിന് വേണ്ട അസാധാരണമായ സാഹചര്യമാണ് ഇപ്പോഴത്തേതെന്ന് ഹൈക്കോടതി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം പരക്കെ അംഗീകരിക്കപ്പെട്ടതാണ്

High court stay for two months to Kerala state salary cut order
Author
High Court of Kerala, First Published Apr 28, 2020, 2:42 PM IST

കൊച്ചി: പ്രത്യേക ഉത്തരവിലൂടെ ആറ് ദിവസത്തെ ശമ്പളം പിടിച്ചുവെക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് അനുവദിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച്. സർക്കാർ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി, ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്. 

എല്ലാവരുടെയും പിന്തുണ സർക്കാരിന് വേണ്ട അസാധാരണമായ സാഹചര്യമാണ് ഇപ്പോഴത്തേതെന്ന് ഹൈക്കോടതി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ ശമ്പളം അവകാശമാണ്. ഇതൊരു നിയമപ്രശ്നമാണെന്നും അതിനെ നിയമപരമായി മാത്രമേ കാണാനാവൂ എന്നും കോടതി പറഞ്ഞു.

സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് പറഞ്ഞ കോടതി, ജീവനക്കാരുടെ വേതനത്തിൽ നിന്ന് മാറ്റിവയ്ക്കുന്ന തുക എന്തിന് വേണ്ടിയാണ് ഉപയോഗിക്കുകയെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധി എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി എന്ന പേരു പറഞ്ഞ് ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് അംഗീകരിക്കാനാകില്ല. അതിനാൽ ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുകയാണെന്നും കോടതി അറിയിച്ചു.

ഏത് ചട്ടം അനുസരിച്ചാണ് ശമ്പളം പിടിച്ചുവയ്ക്കാൻ ഉള്ള ഉത്തരവ് പുറത്തിറക്കുന്നത് എന്ന് പറയുന്നില്ലെന്ന് ഹർജിക്കാർ വാദിച്ചിരുന്നു. ജീവനക്കാരോട് സ്വമേധയാ പണം തരണം എന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടില്ല. സർവീസ് ചട്ടപ്രകാരം ശമ്പളം സ്വമേധയാ മാത്രമേ നൽകാവൂ. ശമ്പളത്തിൽ നിന്ന് നിർബന്ധപൂർവം പിടിച്ചെടുക്കുന്ന തുക എന്ന് തിരിച്ച് തരുമെന്ന് ഉത്തരവിൽ ഇല്ല. ജീവനക്കാരന് കിട്ടുന്ന ശമ്പളം സേവനത്തിനുളള പ്രതിഫലമായി കണക്കാക്കിയാൽ നിയമവിധേയമായി മാത്രമേ പിടിച്ചെടുക്കാൻ കഴിയൂ. ഭരണ ഘടന അത് ഉറപ്പു നൽകുന്നുണ്ടെന്നും ഹർജിക്കാർ വാദിച്ചു.

ഒരു പ്രത്യേക സമയത്തിനുള്ളിൽ ശമ്പളം കൊടുക്കണം എന്ന് പറയുന്നില്ലെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു. എന്നാൽ ശമ്പളം കൊടുക്കാതെ ഇരിക്കില്ല. നീട്ടി വെക്കുക മാത്രമാണ് ചെയ്യുന്നത്. സംസ്ഥാന സർക്കാർ ഉത്തരവിന് സമാനമായ തീരുമാനം നേരത്തെ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങൾ ഇറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ മറുപടി സത്യവാങ്മൂലം സമർപ്പിക്കാമെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു.

ദുരന്ത നിവാരണ നിയമപ്രകാരം മറ്റ് ഉത്തരവുകളെ മറികടക്കാവുന്നതാണ്. എപിഡമിക് ഡിസീസ് നിയമപ്രകാരവും ഈ ഉത്തരവ് സാധ്യമാണ്. സംസ്ഥാന സർക്കാരിന് കിട്ടുന്ന വരുമാനം കുറവാണ്. ഇപ്പോൾ വേതനം ലഭിക്കുന്നവർ ഭാഗ്യവാന്മാരാണ്. വരുമാനത്തിന്റെ 52 ശതമാനവും ശമ്പളത്തിനും പെന്‍ഷനുമാണ് നല്‍കുന്നതെന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാൽ മദ്യത്തില്‍നിന്നും ലോട്ടറിയില്‍ നിന്നും സര്‍ക്കാരിനുള്ള വരുമാനം നിലച്ചിരിക്കുകയാണ്‌. 80000 കോടിയുടെ ആവശ്യം ഉണ്ടെന്ന് സർക്കാർ പറഞ്ഞു.

കൊവിഡിന് വേണ്ടിയാണോ ഈ പണം ഉപയോഗിക്കാൻ പോകുന്നതെന്ന് ഉത്തരവിൽ എവിടെയാണ് പറയുന്നതെന്ന് കോടതി ചോദിച്ചു. ജീവനക്കാരിൽ നിന്ന് ശമ്പളം പിടിക്കുന്നത് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനാണെന്ന് സർക്കാർ മറുപടി പറഞ്ഞു.

ഒരു ദിവസത്തെ ശമ്പളം പിടിച്ചാലും അത് വേതന നിഷേധമെന്ന് ഹർജിക്കാർ വാദിച്ചു. സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണം. പ്രളയകാലത്തെ സാലറി ചലഞ്ചും ഇപ്പോളത്തെ സാലറി കട്ടും തമ്മിൽ വ്യത്യാസമുണ്ടെന്ന് സർക്കാർ മറുപടി പറഞ്ഞു. 

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സർക്കാർ പറയുന്നുണ്ട്. ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ ശമ്പളമുള്ളവർ മാസം ആറുദിവസത്തെ ശമ്പളം നൽകണമെന്നാണ് ഉത്തരവിൽ ഉളളത്. അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ഹ‍ർജി പരിഗണിച്ചതെന്നും കോടതി വിശദീകരിച്ചു.

Follow Us:
Download App:
  • android
  • ios