കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മയ്യിൽ ഐടിഎം ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഹൈക്കോടതി സ്റ്റേ ചെയ്തു. കോളേജിലെ എംഎസ്എഫ് വിദ്യാർഥികൾ നൽകിയ ഹർജി പരി​ഗണിച്ചാണ് കോടതി നടപടി. മറ്റൊരു വിധി ഉണ്ടാകുന്നതുവരെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നിർത്തിവയ്ക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി എംഎസ്എഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക കൊടുക്കുന്നത് എസ്എഫ്ഐ വിദ്യാർഥികൾ തടഞ്ഞിരുന്നു. ഇതിനെതിരെ എംഎസ്എഫ് സ്ഥാനാർത്ഥികൾ അഡ്വക്കേറ്റ് മുഹമ്മദ് ഷാ മുഖേന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ മാസം 16നായിരുന്നു കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പ്രിൻസിപ്പാളിന്റെ ഓഫീസിലേക്ക് പോകുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞുവച്ച് മർദ്ദിക്കുകയും പത്രിക പിൻവലിക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ എംഎസ്എഫ് വിദ്യാർഥികൾ ആരോപിക്കുന്നു.